തൊടുപുഴ: പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡുകൾ പുനരുദ്ധരിക്കാൻ ഫണ്ട് അനുവദിച്ചതിന്റെ ഭരണാനുമതി റദ്ദാക്കിയത് ദുരിതബാധിത ജനങ്ങളോടുള്ള വിവേചനമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ദുരന്തം ഏറ്റവും കൂടുതൽ വിനാശം വിതച്ച ഇടുക്കിയിലും തൊടുപുഴയിലും വീണ്ടും പരിശോധന നടത്തണമെന്ന് പറഞ്ഞ് ഭരണാനുമതി റദ്ദാക്കിയത് രാഷ്ട്രീയ പ്രേരിതമാണ്. നവകേരള നിർമ്മാണത്തിന്റെ പേരിൽ ലോകം മുഴുവൻ സംഭാവന പിരിച്ച് സർക്കാർ തോന്നും പോലെ, സങ്കുചിത താത്പര്യം വച്ച് പണം ദുർവിനിയോഗം ചെയ്യുന്നതിന്റെ അവസാന ഉദാഹരണമാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ, ഇത്തരത്തിൽ ഇടുക്കിയോടുള്ള വഞ്ചനാപരമായ നിലപാടിനെതിരെ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.