പീരുമേട്: പട്ടയമേളയിൽ പീരുമേട് താലൂക്കിൽ നിന്ന് 700 പട്ടയങ്ങൾ നൽകും. കുമളി, വാഗമൺ വില്ലേജുകളിൽ നിന്ന് മാത്രം 450 പട്ടയങ്ങൾ നൽകും. താലൂക്കിൽ 552 പട്ടയങ്ങളുടെ നടപടികൾ ക്രമങ്ങൾ പൂർത്തീകരിച്ചു. ബാക്കിയുള്ളവ ഉടൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് റവന്യൂ വകുപ്പ്. വാഗമൺ വില്ലേജിൽ നൽകിയ പട്ടയ അപേക്ഷകൾ ഡെപ്യൂട്ടി കളക്ടർ അടങ്ങിയ പ്രത്യേക സംഘം പരിശോധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതും പട്ടയത്തിനായി പരിഗണിച്ചിട്ടുണ്ട്. നേരത്തെ ഭൂമിപതിവ് കമ്മിറ്റി പാസാക്കിയ പട്ടയ അപേക്ഷകളിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് വാഗമൺ വില്ലേജിൽ മാത്രം അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ ജില്ലാ കളക്ടർ നിയോഗിച്ചത്. 1964ലെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരമുള്ള റവന്യൂ ഭൂമി, 1993ലെ ചട്ടങ്ങൾ പ്രകാരം കുടിയേറ്റം സാധൂകരിക്കപ്പെട്ടിട്ടുള്ള വനഭൂമി ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കാണ് ഇത്തവണ പട്ടയം നൽകുക. പീരുമേട് താലൂക്കിൽ പത്തു വില്ലേജുകളാണുള്ളത്. ഇതിൽ എട്ട് വില്ലേജുകളിൽ നിന്നായി 5000 പട്ടയ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ നേരത്തെ ലഭിച്ച അപേക്ഷകളും ഉൾപ്പെടും. കുമളി, പെരിയാർ, ഉപ്പുതറ, വാഗമൺ, പീരുമേട്, ഏലപ്പാറ തുടങ്ങിയ വില്ലേജുകളിൽപ്പെട്ടവർക്കാണ് പട്ടയ വിതരണം നടത്തുന്നത്. മഞ്ചുമല വില്ലേജിൽ നിന്ന് ഇത്തവണ പട്ടയം നൽകില്ല. ഉപ്പുതറ- 70, കുമളി- 230, പെരിയാർ- 155, വാഗമൺ- 200, ഏലപ്പാറ, പീരുമേട്, വില്ലേജുകൾ- 10 എന്നിങ്ങനെ പട്ടയം വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. മറ്റ് ജില്ലക്കാരുടെയും റിസോർട്ട് ഉടമകളുടെയും ബിനാമി പേരിലുള്ളവരുടെയും അപേക്ഷകൾ പരിഗണിക്കില്ലെന്ന് തഹസിൽദാർ പറഞ്ഞു. 2015 ലാണ് പീരുമേട്ടിൽ ഭൂമിപതിവ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 1,500 പട്ടയങ്ങൾ നൽകിയിട്ടുണ്ട്.