അടിമാലി: വെള്ളംകുടിക്കാൻ കാട്ടാനകൾ കൂട്ടമായി എത്തി തുടങ്ങിയതോടെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് മാങ്കുളം പഞ്ചായത്തിലെ ആനക്കുളം. ദിവസവും വൈകിട്ട് ജനവാസമേഖലയ്ക്കരികിൽ എത്തുന്ന കാട്ടാനകൂട്ടമാണ് ആനക്കുളത്തിന്റെ പ്രത്യേകത. പൂഴിമണ്ണിൽ കുളിച്ച് വൈകിട്ട് വെള്ളം കുടിക്കാൻ കൂട്ടത്തോടെ കാടിനുള്ളിൽ നിന്നെത്തുന്ന കാട്ടനക്കൂട്ടം കാഴ്ചക്കാർക്കത്രയും കൗതുകമാണ്. ചിലപ്പോൾ കൊമ്പൻമാത്രം, മറ്റ് ചിലപ്പോൾ ഇരുപതും മുപ്പതും കാട്ടാനകൾ കൂട്ടമായിറങ്ങി സഞ്ചാരികൾക്ക് കാഴ്ചയൊരുക്കും. ഇടുക്കി, എറണാകുളം ജില്ലകളുടെ അതിർ വരമ്പിലൂടെ ഒഴുകുന്ന ഈറ്റച്ചോലയാറിൽ നിന്ന് വെള്ളം കുടിക്കാനാണ് കാട്ടാനകൾ ആനക്കുളത്തെത്തുന്നത്. വേനൽ കനക്കുന്നതോടെ ഉച്ചമുതൽ ഏത് നിമിഷവും ഇവിടെ കാട്ടാനകളെ പ്രതീക്ഷിക്കാം. കുഞ്ഞനാനകൾ മുതൽ കൊമ്പൻമാർ വരെ ഈറ്റച്ചോലയാറിൽ നിരന്ന് നിന്ന് ദാഹമകറ്റും. ഒരു പ്രത്യേക ഭാഗത്ത് പുഴയിൽ നിന്ന് ഉയരുന്ന കുമിളകൾക്ക് ഉപ്പുരസമുണ്ടെന്ന് പഴമക്കാർ പറയുന്നു. ഈ ഓര് വെള്ളം കുടിക്കാനാണത്രെ കാട്ടാനകൾ വർഷങ്ങളായി ഇവിടെയെത്തുന്നത്. കാഴ്ചക്കാർക്കും കാട്ടാനകൾക്കുമിടയിൽ ദൂരമായുള്ളത് ഒരു മൈതാനം മാത്രമാണ്. അതായത് 50 മീറ്റർ ദൂരത്തിൽ കാട്ടാനകൾ തീർക്കുന്ന കൗതുകം ഒരൽപ്പം ഭയത്തോടെ കാണാമെന്നത് ആനക്കുളത്തിന്റെ മാത്രം പ്രത്യേകതയാണ്. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾ ആനക്കുളത്തെത്തി കാട്ടാനകളെ കണ്ട് മടങ്ങുകയാണ് പതിവ്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ കല്ലാറിൽ നിന്ന് 25 കിലോ മീറ്റർ സഞ്ചരിച്ചാൽ ആനക്കുളത്തെത്താം. വനത്തിന്റെ വന്യതയും കാട്ടാനകളുടെ കുറുമ്പും ആനക്കുളത്തെത്തുന്ന ഓരോ സഞ്ചാരിയുടെയും മനസ് നിറയ്ക്കുന്നു.