മറയൂർ: മോഷ്ടാക്കളെ ഭയന്ന് മറയൂർ ടൗണിൽ നിന്നിരുന്ന ചന്ദനമരം വനം വകുപ്പ് അധികൃതർ പിഴുതു മാറ്റി. പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസിന് മുമ്പിൽ നിന്നിരുന്ന വലിയ മരമാണ് പിഴുതത്. ചന്ദനമരത്തിൽ നിന്ന് വെറും 40 മീറ്റർ അകലെ മാത്രമാണ് പൊലീസ് സ്റ്റേഷൻ. വനം വകുപ്പ് ഓഫീസുകളും അടുത്തു തന്നെയാണ് ഉള്ളത്. ഉണങ്ങാത്ത മരം സാധാരണ വനം വകുപ്പ് പിഴുത് എടുക്കാറില്ല. പൊലീസിന്റെയും വനംവകുപ്പിന്റെയും മൂക്കിൻ തുമ്പത്ത് മറയൂർ ടൗണിന്റെ നടുവിൽ നിൽക്കുന്ന ചന്ദനമരം സംരക്ഷിക്കാൻ കഴിയാതെ മുറിച്ചു മാറ്റിയതിൽ ശക്തമായ പ്രതിഷേധമുണ്ട്. പൊതുമരാമത്ത് ഓഫീസ് അധികൃതരുടെ അപേക്ഷയെ തുടർന്ന് ദേവികുളം തഹസിൽദാർ, വനം വകുപ്പ് എ.സി.എഫ്, മറയൂർ കൃഷി ഓഫീസർ എന്നിവരടങ്ങിയ ജില്ലാതല ട്രീ കമ്മറ്റിയുടെ പരിശോധനയ്ക്ക് മരം മുറിച്ചു മാറ്റുന്നതിന് വനം വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. 2016ൽ ഈ മരത്തിന്റെ ഒരു ശിഖരം മോഷ്ടാക്കൾ മുറിച്ചുകടത്തിയിരുന്നു. ബാക്കി ഭാഗങ്ങളും മോഷ്ടാക്കൾ കടത്തുമെന്ന ആശങ്കയിലാണ് മരം പിഴുതത്. സ്വകാര്യ ഭൂമിയിൽ നിരവധി വലിയ ചന്ദന മരങ്ങൾ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്നുണ്ട്. ഇവ നിയമപരമായി എടുക്കാനുള്ള അപേക്ഷകളിൽ ഒരെണ്ണം പോലും അനുവാദം നൽകാൻ വനം വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന പച്ച ചന്ദനമരം പിഴുതു മാറ്റിയത്.