അടിമാലി: കേബിൾ ടിവി മേഖലയിലെ പ്രശ്നങ്ങൾ വൈദ്യുതി വകുപ്പുമായി ചർച്ച ചെയ്യാൻ നടപടി സ്വീകരിക്കാമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പരോഗതിയിൽ മാദ്ധ്യമ രംഗം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ആരോഗ്യകരമായി സമൂഹത്തെ വളർത്തുന്ന കാര്യത്തിൽ അച്ചടി മാദ്ധ്യങ്ങൾക്കും ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്കും ഒരേ പോലെ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. കേബിൾ ടി.വി മേഖല നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. സംഘടനാശേഷികൊണ്ട് അംഗങ്ങൾക്ക് അതിനെ മറികടക്കാനാകും. പ്രാദേശിക കേബിൾ ടി.വി രംഗത്ത് അസോസിയേഷൻ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. രണ്ട് ദിവസങ്ങളിലായാണ് സംസ്ഥാന കൺവൻഷൻ അടിമാലിയിൽ നടക്കുന്നത്. 14 ജില്ലകളിൽ നിന്നുള്ള 360 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രകടനത്തിനും പതാക ഉയർത്തലിനും ശേഷമായിരുന്നു സമ്മേളനം ആരംഭിച്ചത്. പ്രദേശിക കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ഭാരവാഹികൾ മന്ത്രിക്ക് കൈമാറി. റിപ്പോർട്ടവതരണത്തിന് പുറമേ വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, ജനറൽ കൺവീനർ പി.എസ്. സിബി, സി.ഒ.എ ജില്ലാ സെക്രട്ടറി സിറിയക് ജെ. കൊട്ടാരം എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. രണ്ടാം ദിവസമായ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളാവിഷൻ ബ്രോഡ്ബ്രാന്റ് ഹോട്ട്സ്‌പോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നാലിന് സമ്മേളനം സമാപിക്കും.