ഇടുക്കി: മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ കുടുംബ പ്രശ്നങ്ങൾ കുറവാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു. കളക്ട്റേറ്റിൽ വനിതാകമ്മിഷൻ നടത്തിയ മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. കൂടുതലും സ്വത്തും വസ്തുക്കളും സംബന്ധമായ പ്രശ്നങ്ങളാണ് അദാലത്തിൽ എത്തിയത്. അദാലത്തിൽ പരാതിക്കാർ എത്താതിരിക്കുന്നത് കമ്മിഷന് സമയനഷ്ടവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. പരാതി നൽകി മൂന്നോളം അദാലത്തുകളിൽ ഹാജരാകാത്ത വാദികളോട് വിശദീകരണം ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.
105 കേസുകൾ; 8 പരഹരിച്ചു, 53 മാറ്റി
മെഗാ വനിതാ അദാലത്തിൽ 105 കേസുകൾ പരിഗണിച്ചു. എട്ട് കേസുകളിൽ പരാഹാരം കാണുകയും 53 കേസുകൾ വിവിധ കാരണങ്ങളാൽ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് കേസുകൾ പൊലീസിന് റിപ്പോർട്ട് ചെയ്തു. രണ്ടു കേസുകൾ വനിതാ കമ്മിഷൻ ഹെഡ് ഓഫീസിന് കൈമാറി. ഭൂമി സംബന്ധമായ കേസുകളാണ് കൂടുതലും റിപ്പോർട്ട് ചെയ്തത്. ലോക്കൽ ചാനൽ വഴി സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച കേസ് കമ്മിഷൻ പരിഗണിക്കുകയും സൈബർ കുറ്റകൃത്യമായി പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.