ഇടുക്കി: ഇടതുമുന്നണി സർക്കാരിന്റെ കാലത്തെ മൂന്നാമത് പട്ടയമേള 22ന് രാവിലെ 11ന് കുട്ടിക്കാനം മരിയൻ കോളേജ് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ കളക്ടർ കെ. ജീവൻ ബാബു എ.ഡി.എം പി.ജി. രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ പട്ടയ വിതരണമേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, ഇടുക്കി, മുരിക്കാശേരി, കരിമണ്ണൂർ, രാജകുമാരി ഭൂമിപതിവ് ഓഫീസുകൾ, ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്ക് ഓഫീസുകൾ, തൊടുപുഴ ലാന്റ് ട്രിബ്യൂണൽ എന്നിവയുടെ പരിധിയിൽ ആറായിരം പട്ടയങ്ങളും നൂറ്റി അൻപതോളം വനാവകാശ രേഖകളുമാണ് മേളയിൽ വിതരണം ചെയ്യുന്നത്. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് പട്ടയമേള നടത്തുന്നത്. മുമ്പ് രണ്ടു തവണകളിലായി 14354 പേരുടെ കൈവശഭൂമിക്ക് പട്ടയം നൽകി. ജില്ലയിൽ ഇനിയും 25000ൽ പരം അപേക്ഷകർക്കുകൂടി പട്ടയം കിട്ടാനുണ്ടെന്നാണ് ഔദ്യോഗിക വിവരം. അപേക്ഷയിലെ അപാകതകൾ, പത്തുചെയിൻ പ്രദേശങ്ങളിലെ അവശേഷിക്കുന്ന മൂന്ന് ചെയിനിലെ പ്രശ്നങ്ങൾ, മാങ്കുളം മേഖലയിലെ വനം- റവന്യൂ വകുപ്പുകളുടെ ജോയിന്റ് വേരിഫിക്കേഷൻ എന്നിവയെല്ലാം പരിഹരിച്ച് ഒരു വർഷത്തിനകം മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകാൻ കഴിയുമെന്നും കളക്ടർ പറഞ്ഞു. അഡ്വ. ജോയ്സ് ജോർജ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. സംഘാടക സമിതി അദ്ധ്യക്ഷകൂടിയായ ഇ.എസ്. ബിജിമോൾ എം.എൽ.എ സ്വാഗതവും ഇടുക്കി എ.ഡി.എം പി.ജി. രാധാകൃഷ്ണൻ നന്ദിയും പറയും.