കുമളി: തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പ്രതിദിനം താഴുന്നു. 10ന് 119.50 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ 118.19 അടിയായി കുറഞ്ഞു. നിലവിൽ കുടിവെള്ളത്തിന് ആവശ്യമായ 467 ഘനയടി ജലം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഈ ജലം വെെഗ അണക്കെട്ടിൽ സംഭരിച്ചാണ് തേനി മുതലുള്ള അഞ്ച് ജില്ലകൾക്ക് ആവശ്യമായ കുടിവെള്ളം നൽകുന്നത്. വരുംദിവസങ്ങളിൽ ചൂട് കൂടുന്നതോടൊപ്പം അണക്കെട്ടിലെ ജലനിരപ്പ് കുറയും. 104 അടിയായി ജലനിരപ്പ് കുറഞ്ഞാൽ തമിഴ്നാടിന് വെള്ളംകൊണ്ട് പോകാനാകാതെ വരും. വേനൽ മുൻനിറുത്തി വരും ദിവസങ്ങളിൽ തമിഴ്നാട് കൊണ്ട് പോകുന്ന ജലത്തിന്റെ അളവ് കുറയ്ക്കുമെന്നാണറിയുന്നത്.
തേക്കടിയിലെ ബോട്ട് സവാരിയും പ്രതിസന്ധിയിൽ
ജലനിരപ്പ് താഴുന്നത് തേക്കടി വിനോദ സഞ്ചാരത്തിലെ മുഖ്യ ആകർഷണമായ ബോട്ട് സവാരിയെയും ബാധിക്കും. ജലനിരപ്പ് 110 അടിയിലെത്തിയാൽ നിലവിലെ ജെട്ടിയിൽ നിന്ന് ബോട്ട് യാത്ര സാധിക്കില്ല. കഴിഞ്ഞ വർഷം ജലനിരപ്പ് താഴ്ന്നപ്പോൾ വനംവകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും ബോട്ടുകൾ സർവീസ് താത്കാലികമായി നിറുത്തിവച്ചിരുന്നു. ജലനിരപ്പ് താഴുമ്പോൾ നിലവിലെ ബോട്ട് ജെട്ടിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി താത്കാലിക സംവിധാനമുണ്ടാക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വനംവകുപ്പ് ഇതിന് തയ്യാറായിരുന്നില്ല.