തൊടുപുഴ: മുട്ടം ജില്ലാ ജയിൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത് നെടുങ്കണ്ടം എം.ഇ.എസ് കോളേജ് എൻ.എൻ.എസ് യൂണിറ്റ്.
ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങളും ഷെൽഫുമാണ് 'അക്ഷരദീപ്തി' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സംഭാവന ചെയ്യുന്നത്. കുറ്റവാളികളെ ശിക്ഷിക്കുന്ന കേന്ദ്രം എന്നതിനപ്പുറം ജയിലുകൾ തടവുകാരുടെ മനഃപരിവർത്തന കേന്ദ്രങ്ങളാകണമെന്ന ആഗ്രഹമാണ്
ഇത്തരമൊരു സംരംഭത്തിന്റെ പ്രേരണയെന്ന് പ്രിൻസിപ്പൽ പ്രൊഫ. എ.എം. റഷീദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രചോതനാത്മക ചിന്തകൾ നിറഞ്ഞ സെൽഫ് ഹെൽപ് പുസ്തകങ്ങൾ, മതഗ്രന്ഥങ്ങൾ, സാഹിത്യകൃതികൾ തുടങ്ങിയ പുസ്തകങ്ങളാണ് വാങ്ങി നൽകുന്നത്. കോളേജ് മാനേജ്മെന്റും എൻ.എസ്.എസ് യൂണിറ്റും ചേർന്നാണ് ഇതിനുള്ള പണം കണ്ടെത്തിയത്. 2012 ൽ പീരുമേട് സബ് ജയിലിലും ഇതുപോലെ തടവുകാർക്കുവേണ്ടി പുസ്തകങ്ങൾ സംഭാവന ചെയ്തിരുന്നു. മുട്ടം ജയിലിൽ 22 ന് രാവിലെ 11.15ന് നടക്കുന്ന ചടങ്ങിൽ പി.ജെ.ജോസഫ് എം.എൽ.എ പുസ്തകങ്ങളും ഷെൽഫും സ്കൂൾ അധികൃതർക്ക് കൈമാറും. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് വി.എം. അബ്ബാസ്, സെക്രട്ടറി അഡ്വ. പി.എച്ച്. ഹനീഫ റാവുത്തർ, കോളേജ് മാനേജിംഗ് കമ്മറ്റി ചെയർമാൻ പി.എ. മുഹമ്മദ് സാലിഹ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.