വണ്ടിപ്പെരിയാർ : പുല്ലുമേട് വഴി ശബരിമലയിലേക്ക് വനിതകളെത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവ്, സത്രം എന്നിവിടങ്ങളിൽ ശബരിമല കർമ്മസമിതി - ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിച്ചു. സംഭവത്തിൽ 17 പേരെ പൊലീസ് അറസ്റ്റു ചെയ്‌തു.
ഇന്നലെ രാവിലെ മുതൽ സംഘമായി വണ്ടിപ്പെരിയാറിലും പരിസരത്തും നിലയുറപ്പിച്ചായിരുന്നു പരിശോധന. ഉച്ചയ്‌ക്ക് രണ്ടരയോടെ ചെന്നൈയിലെ ഐ.ടി കമ്പനി ജീവനക്കാരുമായി ഗവിയിലേക്ക് പോകാനെത്തിയ ബസ് വള്ളക്കടവ് ചെക്പോസ്റ്റിൽ ഇവർ തടഞ്ഞ് പരിശോധിച്ചു. ബസിലുണ്ടായിരുന്ന16 അംഗ സംഘത്തിൽ ആറ് പേർ സ്ത്രീകളായിരുന്നു. ഇവർ ശബരിമലയിലേക്ക് പോകുകയാണെന്ന് സംശയിച്ച് ബസ് തടഞ്ഞിട്ടു. ഈസമയം വള്ളക്കടവിലുണ്ടായിരുന്ന പൊലീസ് പ്രശ്‌നത്തിൽ ഇടപെട്ടില്ല.
തർക്കത്തിനൊടുവിൽ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസറെത്തി ഗവിലേക്ക് പോകാൻ ഓൺലൈനിൽ പണമടച്ച സംഘമാണ് ബസിലുള്ളതെന്ന് അറിയിച്ചതോടെയാണ് കടത്തിവിട്ടത്. വൈകുന്നേരമായിട്ടും ഇവിടെയുണ്ടായിരുന്നവർ പിരിഞ്ഞുപോയില്ല. ഇതേത്തുടർന്നാണ് വണ്ടിപ്പെരിയാർ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 17 പേരെ അറസ്റ്റ് ചെയ്‌തത്.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി. സന്തോഷ്‌കുമാർ, ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് കുമാർ, അനൂപ് വള്ളക്കടവ്, രാജേന്ദ്രൻ, ശിവകുമാർ, വിനോദ് മോഹൻ, രാജ എന്നിവരാണ് അറസ്റ്റിലായത്.