തൊടുപുഴ: കടബാധ്യതമൂലം കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ജില്ലയിലെ ജപ്തി നടപടികൾ അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാർഷിക മേഖലയുടെ തകർച്ചയും പ്രളയദുരന്ത സാഹചര്യങ്ങളും കർഷകരെ വേട്ടയാടുമ്പോഴും ധനകാര്യസ്ഥാപനങ്ങൾ വായ്പകൾ തിരികെപിടിക്കാൻ നടപടികളുമായി മന്നോട്ടു പോവുകയാണ്. ഒരു വർഷത്തേക്ക് മോറട്ടോറിയമെന്ന സർക്കാർ വാഗ്ദാനം ജലരേഖയായി മാറി. ആത്മഹത്യ ചെയ്ത കർഷരുടെ വീട് സന്ദർശിക്കാൻ പോലും മന്ത്രി എം.എം. മണിയും ജോയ്സ് ജോർജ് എം.പിയും തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്. എം.പി എന്ന നിലയിലുള്ള സ്വാഭാവിക വികസനങ്ങൾക്കപ്പുറം ഒന്നും ചെയ്യാൻ ജോയ്സ് ജോർജിനും കഴിഞ്ഞിട്ടില്ല. സ്‌പൈസസ് ബോർഡിന്റെ നിരവധി ഓഫീസുകൾ ജില്ലയ്ക്ക് നഷ്ടമായി. ജില്ലയിലെ നാല് റെയിൽവേ സഹായ കേന്ദ്രങ്ങൾ നഷ്ടമായി. ബി.എസ്.എൻ.എലിന് ഒരിടത്തും പുതിയതായി കവറേജ് ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇടുക്കി മെഡിക്കൽ കോളേജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭ്യമാക്കാനായില്ല. കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ അന്തിമവിജ്ഞാപനം പുറത്തിറക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കുന്ന 'കർഷകരക്ഷായാത്ര'യിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹനയങ്ങൾക്കെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കുമെന്നും അവഗണന തുറന്നുകാട്ടുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. നാളെ രാവിലെ ഒമ്പതിന് കോവിൽകടവിൽ നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കർഷകരക്ഷായാത്ര ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വൈകിട്ട് അഞ്ചിന് നെടുങ്കണ്ടത്ത് നടക്കുന്ന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. 26ന് വണ്ണപ്പുറത്ത് നടക്കുന്ന ജില്ലാതല സമാപന സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. സി.പി. മാത്യു ജാഥയുടെ ചീഫ് കോ- ഓഡിനേറ്ററും തോമസ് രാജൻ കോ-ഓഡിനേറ്ററുമായി പ്രവർത്തിക്കും.