തൊടുപുഴ: തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമുള്ള കലാകാരന്മാർ ചേർന്ന് രൂപീകരിച്ച തൊടുപുഴ നാട്യഗൃഹം ട്രസ്റ്റിന്റെ ഉദ്ഘാടനം 22ന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. വൈകിട്ട് അഞ്ചിന് ഇ.എ.പി. ഹാളിൽ ചേരുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ മിനി മധു, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ എന്നിവർ പങ്കെടുക്കും. തുടർന്ന് പത്മശ്രീ തിലകന്റെ നേതൃത്വത്തിൽ രൂപം കൊണ്ട അമ്പലപ്പുഴ അക്ഷരജ്വാലയുടെ വേറിട്ട കാഴ്ചകൾ നാടകവും അരങ്ങേറും.

മത്സ്യതൊഴിലാളി കോൺഗ്രസ്

തൊടുപുഴ: അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കൺവെൻഷൻ തൊടുപുഴയിൽ നടന്നു. രാജീവ്ഭവനിൽ നടന്ന കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.എം. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജപ്രിയൻ, മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, കെ.പി.സി.സി എക്സിക്യൂട്ടീവംഗം സി.പി. മാത്യു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.കെ. പുരുഷോത്തമൻ, എസ്. അശോകൻ, എൻ.ഐ. ബെന്നി എന്നിവർ പ്രസംഗിച്ചു.

സ്വർണാഭരണം നഷ്ടപ്പെട്ടു

തൊടുപുഴ: തോപ്രാംകുടിയിൽ നിന്ന് കൂത്താട്ടുകുളത്തേക്കുമുള്ള യാത്രയ്ക്കിടയിൽ സ്വർണാഭരണങ്ങൾ അടങ്ങിയ പൊതി ബാഗിൽ നിന്ന് നഷ്ടപ്പെട്ടു. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചുനൽകിയാൽ തക്കതായ പ്രതിഫലം നൽകും. ഫോൺ: 9947619048,​ 8086238594.