bobin
ബോബിനെ തെളിവെടുപ്പിനായി എസ്റ്റേറ്റിൽ എത്തിച്ചപ്പോൾ

രാജാക്കാട്: ചിന്നക്കനാൽ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയത് കാമുകിയുമായി നാടുവിട്ട് പോയി ജീവിക്കാനുള്ള പണം കണ്ടെത്താനെന്ന് കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി ബോബിൻ (35) മൊഴി നൽകിയതായി പൊലീസ്. കൊലപാതകം നടത്തിയത് തനിച്ചാണെന്നും രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ(35) സമ്മതിച്ചു. ബോബിനെ സഹായിച്ചതിന് റിമാൻഡിൽ കഴിയുന്ന എസ്രബേലിന്റെ ഭാര്യ കപിലയുമായാണ് ബോബിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നത്. പ്രതിയെ ഇന്നലെ രാവിലെ കൊല നടന്ന എസ്റ്റേറ്റിൽ എത്തിച്ച് തെളിവെടുത്തു. മുത്തയ്യയെ തലയ്ക്കടിച്ച് കൊല്ലാൻ ഉപയോഗിച്ച ഇരുമ്പ് കൂടം (വലിയ ചുറ്റിക), ഏലക്കാ സൂക്ഷിച്ചിരുന്ന മുറി കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര, രാജേഷിനെ കുത്തിയ നീണ്ട കത്തി എന്നിവ കണ്ടെടുത്തു. പ്രതിയെ നാട്ടുകാരും മുത്തയ്യയുടെ ബന്ധുക്കളും പ്രകോപിതരായി ചീത്ത വിളിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തത് ചെറിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസ് സംരക്ഷണവലയം തീർത്ത് ഇയാളെ ശാന്തൻപാറ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.


പൊലീസ് പറയുന്നതിങ്ങനെ:
ബോബിനും എസ്രബേലും കപിലയും വർഷങ്ങളായി പരിചയക്കാരാണ്. ഇതിനിടെ കപിലയുമായി പ്രണയത്തിലായ ബോബിൻ വേളാങ്കണ്ണി ഭാഗത്ത് പോയി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ ആവശ്യമായ പണം കണ്ടെത്താനായില്ല. ഇതിനിടെയാണ് ബോബിൻ രജേഷിന്റെ തോട്ടത്തിൽ ജോലിക്ക് കയറുന്നത്. ഇവിടെ നിന്ന് ഏലയ്ക്കാ മോഷ്ടിച്ച് വിറ്റ് പണമുണ്ടാക്കാൻ തീരുമാനിച്ചു. കൊലയ്ക്ക് മുമ്പുള്ള നാല് ദിവസം ഇയാൾ അവിടെയാണ് താമസിച്ചത്. കൊല നടന്ന ദിവസം രാത്രി മൂവരും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി പിരിഞ്ഞു. രാത്രി പന്ത്രണ്ടരയോടെ സ്റ്റോറിന് മുകളിൽ ഏലയ്ക്കാ സൂക്ഷിച്ചിരുന്നതിന് സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തയ്യയുടെ അടുത്തെത്തി. അവിടെ വച്ചിരുന്ന കൂടം എടുത്ത് മുത്തയ്യയുടെ തലയിൽ നാല് തവണ ആഞ്ഞടിച്ച് മരണം ഉറപ്പുവരുത്തി. തുടർന്ന് മൃതദേഹം വലിച്ച് സമീപത്തെ സ്റ്റോറിന്റെ ഉള്ളിലിട്ട് പൂട്ടി. പിന്നീട് ഏലയ്ക്കാ സൂക്ഷിച്ചിരുന്ന മുറിയിലെത്തി. ഏലയ്ക്കാ പൂട്ടിവച്ചിരുന്ന പെട്ടി കമ്പിപ്പാര ഉപയോഗിച്ച് തുറന്ന് മൂന്ന് ചാക്ക് പുറത്തെടുത്തു. ഇത് കടത്തിക്കൊണ്ട് പോകാൻ പറ്റിയ വാഹനം ഇല്ലാതിരുന്നതിനാൽ തോട്ടത്തിലെ ജീപ്പ് എടുക്കാൻ തീരുമാനിച്ചു. ഇതിന്റെ തക്കോലിനായി പുലർച്ചെ അഞ്ചോടെ ഔട്ട് ഹൗസിൽ ഉറക്കത്തിലായിരുന്ന രജേഷിനെ വിളിച്ചുണർത്തി. ആശുപത്രി ആവശ്യത്തിന് ജീപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാജേഷ് നൽകാൻ തയ്യാറായില്ല. ഇതോടെ കൈവശം ഒളിപ്പിച്ചിരുന്ന മൃഗങ്ങളുടെ തോൽ പൊളിക്കാൻ ഉപയോഗിച്ചിരുന്ന മൂർച്ചയേറിയ വലിയ കത്തികൊണ്ട് രാജേഷിന്റെ കഴുത്തിൽ കുത്തി. രണ്ടാമതും കുത്തിയെങ്കിലും തട്ടിമാറ്റി രാജേഷ് പുറത്തേക്ക് ഓടി. ഇതിനിടെ കത്തി ബോബിന്റെ ഇടതുകൈയിൽ കൊണ്ട് മുറിവേറ്റു. ഗെയിറ്റിന് സമീപം എത്തിയപ്പോഴേക്കും രാജേഷ് കുഴഞ്ഞ് വീണു. ഈ തക്കത്തിന് പ്രതി കത്തി ഇടതു മാറിൽ മറുവശം കടക്കുവോളം കുത്തിയിറക്കി കൊന്നു. മൃതദേഹം തള്ളി താഴേയ്ക്ക് മറിച്ചിട്ട ശേഷം ചപ്പും ചവറും വാരിയിട്ടു. ജീപ്പിൽ കയറ്റിയ ഏലയ്ക്കാ ചാക്കുകൾ മുകളിൽ എത്തിച്ച് ഡസ്റ്റർ കാറിൽ കയറ്റി. കാറുമായി നേരേ ചേരിയാറിൽ എസ്രബേലിന്റെ വീട്ടിലെത്തി. തുടർന്ന് അയാളെ കൂട്ടി കൈയിലെ മുറിവ് ചികിത്സിക്കാൻ നെടുങ്കണ്ടം ആശുപത്രിയിൽ എത്തി. മടങ്ങിവന്ന് ഏലയ്ക്ക പൂപ്പാറയിലെ വ്യാപാരിക്ക് 1,70,000 രൂപയ്ക്ക് വിറ്റു. ഇതിൽ 25,000 രൂപ എസ്രബേലിന് നൽകി. ഇതറിഞ്ഞ് പൊലീസ് ചേരിയാറിൽ എത്തിയപ്പേഴേയ്ക്കും കാർ മുരിക്കുംതൊട്ടി പള്ളിയിൽ ഉപേക്ഷിച്ച ശേഷം ഇയാൾ ബസിൽ കയറി സ്ഥലം വിട്ടിരുന്നു. മധുരയിലെത്തി കപിലയ്ക്കായി മൊബൈൽ ഫോണും സാരിയും വാങ്ങി. ഇതെല്ലാം കപിലയുടെ ഫോണിൽ വിളിച്ച് അപ്പപ്പോൾ പറഞ്ഞിരുന്നു. ഇതിനോടകം എസ്രബേലിനെയും കപിലയെയും കസ്റ്റഡിയിലെടുത്തിരുന്നതിനാൽ ഇയാളുടെ നീക്കങ്ങൾ പൊലീസിന് യഥാ സമയം മനസിലായി. തടസം നിന്നിരുന്നെങ്കിൽ എസ്രബേലിനെയും കൊലപ്പെടുത്താനായിരുന്നു തീരുമാനം.


നേരത്തെ കുറ്റവാളി

വിവാഹിതനല്ലെങ്കിലും എറണാകുളത്തുകാരിയായ ഒരു സ്ത്രീയുമായി

ബോബിന് ബന്ധമുണ്ടായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. എറണാകുളത്ത് ബ്രോഡ്‌വേയിൽ നിന്ന് വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല മോഷ്ടിച്ചതടക്കം നിരവധി കേസുകൾ ജില്ലയ്ക്ക് പുറത്ത് ഇയാളുടെ പേരിൽ എടുത്തിരുന്നു. ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നാല് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പൊലീസ് അന്വേഷിച്ചത്.