ഇടുക്കി: കീടനാശിനികളുടെ ദുരുപയോഗത്തിൽ കുട്ടനാടിനെ കടത്തിവെട്ടി ഇടുക്കിയും. ഒരു നിയന്ത്രണവുമില്ലാതെ ബാരൽ കണക്കിന് കീടനാശിനിയാണ് പശ്ചിമഘടത്തിലെ പരിസ്ഥിതി പ്രാധാന്യമേറിയ ഏലമലക്കാടുകളിലും തേയിലത്തോട്ടങ്ങളിലും ദിവസവും ഉപയോഗിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിരോധിച്ച എൻഡോസൾഫാൻ, എമിസാൻ എന്നിവയും നിരോധിച്ച 'വിരാടു'മൊക്കെ ഇടുക്കിയിലെ ഏലക്കാടുകളിൽ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. കൃഷി ഓഫീസർമാരുടെ കർശന നിയന്ത്രണത്തിലും മേൽനോട്ടത്തിലും വേണം രാസകീടനാശിനികൾ വിൽപ്പന നടത്താനെന്നാണ് നിയമം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ജീവൻരക്ഷാ മരുന്നുകൾ ലഭിക്കണമെങ്കിൽ ഡോക്ടറുടെ കുറുപ്പടി ആവശ്യമാണെന്നതുപോലെ കർഷകർക്ക് കീടനാശിനി വാങ്ങാൻ കൃഷി ഓഫീസറുടെ ശുപാർശയും നിർബന്ധമാണ്. ചെറുകിട കർഷകരുടെ കാര്യത്തിൽ നിയമം കർശനമായി നടപ്പിലാക്കുമെങ്കിലും ഹൈറേഞ്ചിലെ വൻകിട തോട്ടങ്ങളിലെ നിയമലംഘനം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആയിരക്കണക്കിന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഏലത്തോട്ടങ്ങളിൽ 15- 30 ദിവസത്തെ ഇടവേളകളിൽ കീടനാശിനി പ്രയോഗിക്കുമ്പോൾ നേരിട്ടെത്തി പരിശോധിച്ച് നടപടി എടുക്കാൻ മതിയായ കൃഷി ഓഫീസർമാരും ജില്ലയിൽ ഇല്ല. ഇത്തരം അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവരുന്ന നിരോധിച്ച കീടനാശിനികളും ഇടുക്കിയെ ഏലത്തോട്ടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ജി.എസ്.ടി നടപ്പിലായതോടെ അതിർത്തി ചെക്പോസ്റ്റുകളിലെ വാഹനപരിശോധന കുറഞ്ഞതും കള്ളക്കടത്തുകാർക്ക് തുണയായി. ആകെയുള്ളത് എക്സൈസ് ഡിപ്പാർട്ടുമെന്റിന്റെ ലഹരിമരുന്ന് പരിശോധന മാത്രമാണ്. അതിനിടെ കീടനാശിനി കണ്ടുപിടിച്ചാലും എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് നടപടി എടുക്കാനാവില്ല. കൃഷിവകുപ്പിന് കൈമാറുകയാണ് ചെയ്യേണ്ടത്. കൃഷി വകുപ്പാകട്ടെ തൊണ്ടിമുതൽ സൂക്ഷിയ്ക്കാൻ മതിയായ സ്ഥലമില്ലാത്തതിനാൽ പുലിവാലുപിടിക്കാൻ തയ്യാറാകാറുമില്ല. ഫലത്തിൽ നിരോധനം അപ്രായോഗികമെന്ന നിഗമനത്തിൽ കീടനാശിനികളുടെ ദുരുപയോഗം കണ്ടില്ലെന്ന നടിക്കാനെ സാധിക്കൂ.
നിരോധനം എന്തുകൊണ്ട്
മെർക്കുറിയുടെ അമിതമായ സാന്നിധ്യം കണ്ടെത്തിയതാണ് എമിസാൻ എന്ന കീടനാശിനി കേരളത്തിൽ നിരോധിക്കാൻ കാരണം. ഏലച്ചെടികളുടെ അഴുകൽ രോഗത്തിനുള്ള ഉത്തമപ്രതിവിധിയാണിത്. എന്നാൽ ഒരിക്കൽ പ്രയോഗിച്ചാൽ മെർക്കുറിയുടെ സാന്നിധ്യം പതിറ്റാണ്ടുകളോളം മണ്ണിലുണ്ടാകുമെന്നതാണ് ഇത് നിരോധിക്കാൻ കാരണം. കാസർകോട് കശുവണ്ടി തോട്ടങ്ങളിലെ ഉപയോഗത്തെ തുടർന്ന് സമീപപ്രദേശത്തെ നവജാത ശിശുക്കളിലടക്കം ഗുരുതരമായ ജനിതക വൈകല്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് എൻഡോസൾഫാൻ കേരളത്തിൽ നിരോധിച്ചത്. എന്നാൽ ഇതൊക്കെ പേരുമാറിയും കറുത്ത ജാറുകളിലാക്കിയും തമിഴ്നാട് വഴി വൻതോതിൽ ഇടുക്കിയിൽ എത്തുന്നുണ്ടെന്നാണ് വിവരം.
തൊഴിലാളികളുടെ സുരക്ഷ
ശരീരം മൂടുന്ന ഓവർകോട്ട്, മുഖംമൂടി, കണ്ണുകൾ നന്നായി മൂടത്തക്കവിധമുള്ള കണ്ണട, കൈയ്യുറ, തൊപ്പി എന്നിവ ധരിച്ചുകൊണ്ടുവേണം കീടനാശിനി പ്രയോഗിക്കാൻ. സാധാരണ തൊഴിലുകൾ ജോലിചെയ്യുന്നതുപോലെ എട്ടുണിക്കൂർ തുടർച്ചയായി കീടനാശിനി പ്രയോഗത്തിൽ ഏർപ്പെടാൻ പാടില്ല. കീടനാശിനി കൈകാര്യം ചെയ്യുന്നതിനിടെ ആഹാരം കഴിക്കുക, വെള്ളം കുടിക്കുക, പുകവലിക്കുക തുടങ്ങിയ നിരവധി നിയന്ത്രണങ്ങളുണ്ട്. മദ്യപിച്ചുകൊണ്ട് കീടനാശിനി കൈകാര്യം ചെയ്യരുത്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന തൊഴിലാളികൾ പരമാവധി പണിക്കൂലി കിട്ടാൻ കൂടുതൽ സമയം ജോലിചെയ്യാറുണ്ട്. ജോലി കഴിഞ്ഞ് എത്രയും വേഗം തമിഴ്നാട്ടിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതുകൊണ്ട് ഇത്തരം തൊഴിലാളികളുടെ പിന്നീടുള്ള ആരോഗ്യപ്രശ്നങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടുന്നുമില്ല.