kk
ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന് പതാക കൈമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കർഷക രക്ഷായാത്ര ഉദ്ഘാടനം ചെയ്യുന്നു

മറയൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വഞ്ചനയ്ക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ നയിക്കുന്ന കർഷക രക്ഷയാത്രയ്ക്ക് കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവിൽ ഉജ്ജല തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജനുവരി 20 മുതൽ 26 വരെ നീണ്ടു നിൽക്കുന്ന രക്ഷായാത്ര മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പ്രവർത്തകരുടെ പ്രകടനത്തോടെയാണ് ആരംഭിച്ചത്. ദേവികുളത്തെ അഞ്ചു വില്ലേജുകളിൽ മരം മുറിക്കുന്നത് തടഞ്ഞ നിവേദിത. പി. ഹരന്റെ റിപ്പോർട്ട് അംഗീകരിക്കില്ലായെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞു. 28 ഇനം മരങ്ങൾ മുറിക്കുന്നതിനുള്ള നിരോധനം ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ ഇടതു സർക്കാർ വാഗ്ദാനം പാലിച്ചില്ല. നാമമാത്രമായ നിരോധനമാണ് പിൻവലിച്ചത്. കർഷകരുടെ കടങ്ങൾ എഴുതിതള്ളണം. വന്യ ജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ എ.കെ. മണി, ലാലി വിൻസെന്റ്, ജില്ലാ പ്രസിഡന്റുമാരായിരുന്ന ഇ.എം. ആഗസ്തി, ജോയി തോമസ്, റോയ് കെ. പൗലോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ്, ഫിലിപ്പ് ജോസഫ്, സി.പി. മാത്യു, കൊച്ചുത്രേസ്യ പൗലോസ്, മനോജ്, ആന്റണി കുഴിക്കത്ത്, ടോണി തോമസ്, ബാബു പി.കുര്യാക്കോസ്, ജോർജ് തോമസ്, മുരുകേശൻ, ഉഷാ ഹെൻട്രി, ഡി. കുമാർ, മുത്തു കൃഷ്ണൻ, ആൻസി ആന്റണി, എൻ. ആരോഗ്യദാസ് എന്നിവർ പങ്കെടുത്തു.