പീരുമേട്: ജനവാസ മേഖലയായ തോട്ടപ്പുരയിൽ ഒരാഴ്ചയായി കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ കഴിയുന്നത് ഭീതിയോടെ. കഴിഞ്ഞ രാത്രിയിലും കൂടി കാട്ടാനകൾ കൃഷിയിടം നശിപ്പിച്ചതോടെ ഇവർ എന്തു ചെയ്യണമെന്നറിയാതെ നിസഹായാവസ്ഥയിലാണ്. തോട്ടപ്പുര പറപുരയ്ക്കൽ ജോഷി പോളിന്റെ കൃഷിയിടവും വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയും കാട്ടാന നശിപ്പിച്ചു. ഏലം, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് കൊമ്പനും പിടിയും കുട്ടിയുമടങ്ങുന്ന മൂന്നംഗ കാട്ടാനകൂട്ടം നശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പും ഈ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും വൈകിയാണ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. മുറിഞ്ഞപുഴ സെക്ഷന് കീഴിലുള്ള വനംവകുപ്പ് വാഹനം പക്ഷി സർവേയ്ക്ക് വേണ്ടി കൊണ്ടുപോയതിനാലാണ് വൈകിയതെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. തുടർന്ന് പൊലീസ് വാഹനത്തിലാണ് വനപാലകർ സ്ഥലത്തെത്തിയത്. സമീപത്തെ ലഹരി വിമുക്തി കേന്ദ്രമായ ഡെയർ, സർക്കാർ എൽ.പി സ്‌കൂൾ, അംഗൻവാടി തുടങ്ങിയ സ്ഥാപനങ്ങളും കാട്ടാന ഭീഷണിയിലാണ്. രാത്രിയിലാണ് കാട്ടാനകൾ വ്യാപകമായെത്തുന്നത്. ആനയെ പേടിച്ച് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനം. ടയറുകൾ കത്തിച്ചും പടക്കം പൊട്ടിച്ചും കൃഷിയിടങ്ങൾക്ക് കാവൽ നിൽക്കുകയാണ് കർഷകർ. നഷ്ടപ്പെട്ട വിളകൾക്ക് ആനുപാതികമായ നഷ്ട പരിഹാരം സർക്കാർ നൽകുന്നില്ലെന്നും കർഷകർ പറയുന്നു. കാട്ടാന ശല്യം രൂക്ഷമായതോടെ രാത്രിയിൽ ആനയെ വിരട്ടി ഓടിക്കാൻ വനംവകുപ്പിന്റെ ദ്രുതകർമ്മ സേനയെ പ്രദേശത്ത് വിന്യസിച്ചതായി അധികൃതർ പറഞ്ഞു.
ആനയെ തുരത്താൻ പുകയ്ക്കൽ തന്ത്രം
വണ്ടിപ്പെരിയാർ: ശല്യം രൂക്ഷമായതോടെ കാട്ടാനയെ വനത്തിലേക്ക് ഓടിക്കാൻ പുകയ്ക്കൽ തന്ത്രം പ്രയോഗിച്ച ഗ്രാമത്തെ കുറിച്ച് ചർച്ചയാവുന്നു. ആനശല്യം രൂക്ഷമായ വള്ളക്കടവ് ഗ്രാമവാസികളാണ് ഒരു വർഷം മുമ്പ് പുകയ്ക്കൽ തന്ത്രം ആവിഷ്‌കരിച്ച് ഒരു പരിധിവരെ സ്വന്തം കൃഷിയിടം കാട്ടാന ആക്രമണത്തിൽ നിന്ന് സംരക്ഷിച്ചെടുത്തത്. വള്ളക്കടവ്, മൂലക്കയം, പ്രദേശത്ത് വനപാലകരുടെ സഹായത്തോടെ ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി) നേതൃത്വത്തിൽ വത്തൽ മുളക് കത്തിച്ച് കെട്ടി തൂക്കി പുകച്ചാണ് ഇവർ കാട്ടാനകളെ തുരത്തിയത്. ചണൽ ചാക്കിനുള്ളിൽ തേങ്ങയുടെ ചകിരി തൊണ്ട് ഏറ്റവും താഴ്ഭാഗത്ത് ഇട്ട ശേഷം ഇതിനു മുകളിലായി എരിവ് കൂടിയ വത്തൽ നിരത്തും. ഇതിനു മുകളിലായി വീണ്ടും ചകിരി തൊണ്ട് നിറച്ച് ചണൽ ചാക്ക് കെട്ടിയ ശേഷം കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലത്ത് തിരി കത്തിച്ച് പുകയ്ക്കുകയാണ് ചെയ്തിരുന്നത്. എരിവുള്ള വത്തൽ കത്തിച്ചാൽ അസഹനീയമായ എരിവോടു കൂടിയ കുത്തൽ മൂലം ഈ പ്രദേശങ്ങളിൽ ആന ഇറങ്ങില്ലെന്നാണ് ഇവർ പറയുന്നത്.