കുമളി: കുമളി പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം സൂക്ഷിച്ചിരുന്ന അജൈവമാലിന്യ കൂമ്പാരം പ്രളയകാലത്ത് കൃഷിയിടങ്ങളിലേക്ക് ഇടിഞ്ഞുവീണത് നീക്കാൻ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് 1.71 കോടിരൂപ അനുവദിച്ചു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും കുമളി പഞ്ചായത്തിന്റെയും സജീവ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്. മാലിന്യം നീക്കാൻ ഒരു പഞ്ചായത്തിന് ഇത്രയധികം തുക അനുവദിക്കുന്നത് ആദ്യമാണ്. തരംതിരിച്ചുപയോഗിക്കാൻ കഴിയാത്തതിനാൽ അമ്പലമുകളിലെ കേരള എൻവീറോ ഇൻഫ്രാസ്‌ക്ചറിന്റെ (കെ.ഇ.ഐ.എൽ) സാനിറ്ററി ലാന്റ് ഫില്ലിലായിരിക്കും ഈ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുക. ഇതിനുള്ള പ്രോജക്ട് ശുചിത്വമിഷനാണ് തയ്യാറാക്കിയത്. ഇത് പരിഗണിച്ച് സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിന്റെ ശുപാർശയനുസരിച്ചാണ് 171.84 ലക്ഷം രൂപ അനുവദിച്ചത്. ജില്ലാ കളക്ടർക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഇതിൽ 20 ശതമാനം തുക മുൻകൂറായി നൽകണമെന്നും ഉത്തരവിൽ വ്യവസ്ഥയുണ്ട്. നീക്കം ചെയ്യുന്ന പ്രവൃത്തിയുടെയും മാലിന്യത്തിന്റെയും അളവ് ശുചിത്വമിഷൻ ഡയറക്ടർ സാക്ഷ്യപ്പെടുത്തിയശേഷം പഞ്ചായത്തിന്റെ സമ്മതപത്രം കൂടി ലഭ്യമാക്കിയാലേ ബാക്കി തുക അനുവദിക്കൂ.
ഇടിഞ്ഞിറങ്ങിയത് 4000 ടൺ പ്ലാസ്റ്റിക്
കഴിഞ്ഞ ആഗസ്റ്റ് 19നാണ് കനത്ത മഴയെത്തുടർന്ന് മുരിക്കടിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ മാലിന്യകൂമ്പാരം സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലേക്ക് ഇടിഞ്ഞു നീങ്ങിയത്. ഇതുമൂലം വലിയ കൃഷിനാശമുണ്ടാവുകയും കുടിവെള്ള സ്രോതസുകൾ മലിനമാവുകയും ചെയ്തു. 4000 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് അട്ടപ്പള്ളം പ്രദേശത്തേക്ക് ഒഴുകിയിറങ്ങിയത്.
മാലിന്യസംസ്‌കരണത്തിൽ മാതൃക
കുമളിയിലെ മാലിന്യനീക്കം കുറ്റമറ്റ നിലയിലാക്കാനുള്ള ശ്രമം നേരത്തേ തന്നെ ഹരിതകേരളം മിഷന്റെ പിന്തുണയോടെ പഞ്ചായത്ത് നടത്തി വരികയാണെന്നും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാത്തതാണ് മാലിന്യ പ്രശ്നത്തിന് കാരണമെന്നും പ്രസിഡന്റ് ഷീബ സുരേഷ് പറഞ്ഞു. ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കുകയും പ്ലാസ്റ്റിക്കും മറ്റ് അജൈവ വസ്തുക്കളും തരംതിരിച്ച് പുനചംക്രമണത്തിന് അയക്കുകയുമാണ് ചെയ്യുന്നത്. ഇതിനുള്ള അടിസ്ഥാന സൗകര്യം മുരിക്കടിയിലെ പ്ലാന്റിൽ ഗ്രീൻ കുമളി ക്ലീൻ കുമളി പദ്ധതിയുടെ ഭാഗമായി നേരത്തേ തന്നെ സജ്ജമാക്കിയിരുന്നു. കർശനമായി തരംതിരിച്ച മാലിന്യ ശേഖരണം ഉറപ്പുവരുത്തിയും ഹരിത ചട്ട പാലനത്തിനുള്ള ശക്തമായ ബോധവൽക്കരണവും വഴി നിലവിൽ കുമളിയിലെ മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.