തൊടുപുഴ: പ്രളയത്തിൽ തകർന്നടിഞ്ഞ ഇടുക്കിയുടെ വിനോദസഞ്ചാരപ്പെരുമ വീണ്ടെടുക്കാൻ എക്സ്‌പ്ലോർ ഇടുക്കിയുമായി പ്രൊഫഷണൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ടുനിൽക്കുന്ന ട്രാവൽ ടൂറിസം മത്സരവും സമാപന ചടങ്ങായി ടൂറിസം കോൺക്ലേവും നടത്തുമെന്ന് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫോട്ടോഗ്രാഫി, സെൽഫി, ടിക്‌ടോക്ക് വീഡിയോ എന്നീ ഇനങ്ങളിലാണ് മത്സരം. ഇടുക്കിയുടെ ഇനിയും അറിയപ്പെടാത്തതോ അതിമനോഹരങ്ങളോ ആയ ഫോട്ടോ, സെൽഫി, വീഡിയോ ക്ലിപ്പിംഗ്സ് എന്നിവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയെന്നതാണ് മത്സരരീതി. പ്രളയാനന്തര വിനോദസഞ്ചാരം പരിപോഷിപ്പിക്കാൻ സ്വദേശ വിദേശ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇടുക്കിയിൽ നിന്ന് പകർത്തുന്ന ഫോട്ടോ, സെൽഫി, വീഡിയോ എന്നിവ കൃത്യമായ വിവരണത്തോടൊപ്പം സ്വന്തം ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ എക്സ്‌പ്ലോർ ഇടുക്കി എന്ന ഹാഷ് ടാഗ് അറ്റാച്ച് ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇതിന്റെ ലിങ്ക് ഓൾ എബൗട്ട് ഇടുക്കി എന്ന വെബ് പേജിലേക്ക് ഇ-മെയിൽ ആയി അച്ചുകൊടുക്കണം. ചിത്രത്തിന്റെ / വീഡിയോയുടെ മികവിന് 70 ശതമാനം, വിവരണത്തിന് 10 ശതമാനം, പേജിന്റെ പൊതു സ്വീകാര്യതയ്ക്ക് (കൂടുതൽ ലൈക്കുകൾ) 20 ശതമാനം അങ്ങനെ 100 മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുന്നത്. മികച്ച ഫോട്ടേഗ്രാഫിന് 50001 രൂപ സമ്മാനം നൽകും. കൂടാതെ പത്ത് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. സെൽഫി, വീഡിയോഗ്രാഫി എന്നിവയ്ക്കുള്ള സമ്മാനങ്ങൾ പിന്നീട് പ്രഖ്യാപിക്കും. താത്പര്യമുള്ളവർക്ക് ഇടുക്കിയിലെ ഏത് വിനോദസഞ്ചാരകേന്ദ്രത്തിലും നേരിട്ട് പോയി ചിത്രങ്ങൾ എടുക്കുന്നതിന് ഉപാധികളോടെ താമസസൗകര്യം ലഭ്യമാക്കും. മുൻകൂട്ടി ബുക്കുചെയ്ത് ഇരുചക്രവാഹനങ്ങളിൽ എത്തുന്ന ട്രാവൽഗ്രൂപ്പുകൾക്ക് താമസസൗകര്യവും ഇന്ധനചെലവും സംഘാടകർ വഹിക്കും. ചലച്ചിത്രപ്രവർത്തകൻ നാദിർഷ, പ്രമുഖ ട്രാവൽ ബ്ലോഗർ സജിത് ഭക്തൻ തുടങ്ങി പ്രഗത്ഭരായ ജൂറികൾ വിജയികളെ കണ്ടെത്തും. പരിപാടിയുടെ ഉദ്ഘാടനം ഇന്നലെ മൂന്നാറിൽ ശശി തരൂർ എം.പി. നിർവഹിച്ചു. കൂടുതൽ വിവരങ്ങൾ www.allaboutidukki.com എന്ന സൈറ്റ് സന്ദർശിക്കുക.