മറയൂർ: മതാചാരങ്ങളിൽ കോടതി ഇടപ്പെടുന്നത് ശരിയല്ലെന്നും ശബരിമലയിൽ ആചാര സംരക്ഷണത്തിന് നിയമ നിർമ്മാണം നടത്താൻ ബി.ജെ.പിയെ വെല്ലുവിളിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ നയിക്കുന്ന കർഷക രക്ഷ യാത്ര കാന്തല്ലൂർ കോവിൽക്കടവ് ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ഏററവും കൂടുതൽ ബാധിച്ചത് ഇടുക്കി ജില്ലയെയാണ്. ഇതിനെതിരെ ഏററവും കൂടുതൽ സമരം നടത്തിയത് കോൺഗ്രസ് പാർട്ടിയാണ്. കുടിയേറ്റ കർഷകരുടെ ജീവിതം താറുമാറാക്കുന്ന റിപ്പോർട്ടിന് പകരമായി ഉമ്മൻ. വി. ഉമ്മൻ കമ്മറ്റിയെ നിയമിച്ച് പുതിയ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. യു.ഡി.എഫ് കൊടുത്ത റിപ്പോർട്ടിൽ മാറ്റം വരുത്താതെ വീണ്ടും കേന്ദ്ര സർക്കാർ കരട് വിഞ്ജാപനം ഇറക്കിയത് കോൺഗ്രസ് പാർട്ടിക്ക് അഭിമാനമാണ്. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതി തള്ളി. കേരളത്തിലും കർഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടം സർക്കാർ എഴുതി തള്ളണം. ശബരിമലയിലെ യുവതീ പ്രവേശന നിയന്ത്രണം പ്രതിഷ്ഠയുടെ പ്രത്യേകത കൊണ്ടാണ്. ബി.ജെ.പി ആരാധന കേന്ദ്രങ്ങളിൽ കലാപവും ആക്രമണവും അഴിച്ചുവിടുന്നു. എട്ടു ഹർത്താലാണ് ബി.ജെ.പി നടത്തിയത്. ഇനിയും ഹർത്താലുകൾ താങ്ങാൻ കേരളത്തിന് കഴിയില്ല. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ അമിത് ഷായെയും നരേന്ദ്ര മോഡിയേയും വെല്ലുവിളിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചുള്ള ഭരണമാണ് ഇപ്പോൾ നടക്കുന്നത്. വർഗീയതയെ ചെറുക്കുന്നതിന് മതനിരപേക്ഷതയാണ് വേണ്ടത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലയ്ക്ക് മുന്തിയ പരിഗണന നൽകുമെന്നും രമേശ് പറഞ്ഞു.