kk
അമ്പത്തിയഞ്ചാം മൈലിലെ സ്‌കൂളിനോട് ചേർന്ന് വനത്തിനുള്ളിൽ കാട്ടുതീ

പീരുമേട്: അമ്പത്തിയഞ്ചാം മൈൽ സർക്കാർ എൽ.പി സ്‌കൂളിന് സമീപവും പീരുമേട് സ്‌കൂളിനു സമീപവുമുണ്ടായ കാട്ടുതീയിൽ ഒരേക്കർ പുല്ലുമേട് കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് പീരുമേട് ചിദംബരംപിള്ള മെമ്മോറിയൽ സ്‌കൂളിന് സമീപത്ത് കാട്ടുതീ പടർന്നു പിടിച്ചത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പീരുമേട്ടിൽ നിന്ന് അഗ്നിശമന സേനയുടെ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈകുന്നേരത്തോടെയാണ് അമ്പത്തിയഞ്ചാം മൈലിലെ സർക്കാർ സ്‌കൂളിന് സമീപത്തെ പുൽമേടുകളിൽ കാട്ടുതീ പടർന്നത്. ചെങ്കുത്തായ പ്രദേശമായതിനാൽ ഏറെ ശ്രമകരമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും തീ പടരാതിരിക്കാൻ ശ്രമിച്ചെങ്കിലും ഒരേക്കർ പുല്ലുമേട് കത്തിനശിച്ചതായാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറയുന്നത്. കനത്ത കാറ്റു വീശുന്നതിനാൽ മൊട്ടക്കുന്നായ മേഖലയിൽ തീ അതിവേഗം വ്യാപിച്ചു. ഇടുങ്ങിയ പാതയായതിനാൽ അഗ്നിശമന സേനയുടെ വാഹനം ഈ ഭാഗത്തേയ്ക്ക് എത്തിക്കുന്നതിനു കഴിയാതെ വന്നതാണ് കൂടുതൽ പ്രദേശങ്ങൾ കത്തിനശിക്കാനുണ്ടായ കാരണം. കാട്ടുചെടികൾ ഉപയോഗിച്ച് തല്ലിക്കെടുത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പീരുമേട് അഗ്നിശമന സേന സ്റ്റേഷൻ ലീഡിംഗ് ഫയർമാൻ വി. എസ്. അനിൽകുമാർ, ഫയർമാരായ ഗോപകുമാർ, അനൂപ്, വിനീത്, വിജീഷ്, എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.