വണ്ടിപ്പെരിയാർ: കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്ത 17 ബി.ജെ.പി- ശബരിമല കർമ്മസമിതി പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. വള്ളക്കടവ് കോഴിക്കാനം വഴി പുല്ലുമേട് പരമ്പരാഗത പാതയിലൂടെ സ്ത്രീകൾ എത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് വള്ളക്കടവിൽ നിലയുറപ്പിച്ച 17 ബി.ജെ.പി- ശബരിമല കർമ്മ സമിതി പ്രവർത്തകരെയാണ് ശനിയാഴ്ച വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റു ചെയ്തത്. മതസ്പർദ്ധ വളർത്തി സാമുദായിക സംഘർഷമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ന്യായവിരുദ്ധമായി സംഘം ചേർന്നുവെന്നതായിരുന്നു ഇവർക്കെതിരെ പൊലീസ് കുറ്റം ചുമത്തിയത്. വണ്ടിപ്പെരിയാറ്റിൽ നിന്ന് പീരുമേട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഇവരെ ഞായറാഴ്ചയാണ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി. സന്തോഷ്‌കുമാർ, ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് കുമാർ, അനൂപ് വള്ളക്കടവ്, രാജേന്ദ്രൻ, ശിവകുമാർ, വിനോദ് മോഹൻ, രാജ എന്നിവരുൾപ്പെട്ട 17 പേർക്കാണ് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച ഇവരോട് കോടതിയിൽ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്.