ഇടുക്കി: ചിന്നക്കനാൽ റിസോർട്ടിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു മാധ്യമത്തിന് ചോർത്തി നൽകിയ സംഭവത്തിൽ അഞ്ചു പൊലീസുകാർക്ക് സസ്‌പെൻഷൻ.
ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളും എ.എസ്.ഐമാരുമായ ഉലഹന്നാൻ, സജി എം. പോൾ, ഡ്രൈവർ അനീഷ്, സി.പി.ഒ ഓമനക്കുട്ടൻ, സഹായത്തിനായി മധുരയ്ക്ക് ഒപ്പം പോയ ശാന്തൻപാറ സ്റ്റേഷനിലെ ഡ്രൈവർ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ സസ്‌പെൻഡ് ചെയ്തത്. രാജാക്കാട് എസ്.ഐ പി.ഡി. അനൂപ്‌മോന് എതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തു.
കേസിലെ മുഖ്യപ്രതിയായ ബോബിനെ അറസ്റ്റ് ചെയ്ത വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതെ പൊലീസുകാർ വാട്ട്സ്ആപ്പിൽ ഇടുകയും ഇത് വാർത്തയാവുകയും ചെയ്തിരുന്നു. ചോദ്യംചെയ്യലിനിടെ പോലും ഇവർ വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തി. ഇതേത്തുടർന്ന് ജില്ലാ പൊലീസ് മേധാവി നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു.