kk
അറസ്റ്റിലായ പ്രതി

ചെറുതോണി: വീടിന്റെ മുൻവശത്ത് നിന്ന് വളർത്തു നായയെ മോഷ്ടിച്ച് ലോറിയിൽ കടത്തികൊണ്ട് പോയ യുവാവിനെ ഇടുക്കി പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടി. നായയെയും മോഷണത്തിന് ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. ചിറ്റൂർ ഇടകുന്നം സ്വദേശി കാരത്തായി വീട്ടിൽ പുരുഷന്റെ മകൻ നിഥിനാണ് (29) പിടിയിലായത്. മോഷണം പോയ നായയെ ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെയാണ് ചെറുതോണി വെള്ളക്കയത്ത് താമസിക്കുന്ന പുതിയാനിക്കൽ സജിയുടെ വീടിന് മുൻവശത്ത് നിന്ന് ജെർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്ത് നായയെ മോഷ്ടിച്ച് കൊണ്ടുപോയത്. നായയെ കടത്തികൊണ്ട് പോകുന്ന ദൃശ്യം അയൽവീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഉടമയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ ലോറിയിൽ കഴിഞ്ഞ നാല് ദിവസം മുമ്പാണ് നിഥിൻ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. എറണാകുളത്ത് നിന്ന് കുമളിക്ക് ഇരുമ്പ് പൈപ്പുമായി ഓട്ടം പോകുന്നതിനിടയിലാണ് ഇയാൾ നായയെ മോഷ്ടിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയത്. ലോഡ് ഇറക്കിയതിന് ശേഷം എറണാകുളത്തേയ്ക്ക് തിരികെ പോകുന്നതിനിടയിൽ ഇയാൾ വീണ്ടും നായയെ മോഷ്ടിച്ച വീടിന് സമീപത്ത് ഇറങ്ങിയിരുന്നു. ഇടുക്കി പൊലീസ് സ്റ്റേഷനിൽ മോഷ്ടാവിനെയും നായയെയും എത്തിച്ച് കേസ് എടുത്തതിന് ശേഷം നായയെ ഉടമയ്ക്ക് പൊലീസ് കൈമാറി. ഇടുക്കി എസ്.ഐ. ടി.സി. മുരുകന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.വൈ. ജോർജ്കുട്ടി, ആർ. ജിനു എന്നിവരുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.