ഇടുക്കി: ഇടുക്കിയുടെ ചരിത്ര വിസ്മയത്തിന് അഴകും മിഴിവുമേകി ചെറുതോണിയിൽ പുതിയ പാലത്തിന് രൂപരേഖ തയ്യാറായി. കുറവൻ- കുറത്തി മലകളുടെ മാതൃകയിൽ നിർമ്മിക്കുന്ന രണ്ട് തൂണുകളിൽ ജർമ്മൻ സാങ്കേതിക വിദ്യയിലുള്ള അത്യാധുനിക കേബിളുകളിലാണ് പാലത്തിന്റെ പ്രതലം ഉറപ്പിച്ച് നിറുത്തുന്നത്. ഇടുക്കിയുടെ വിനോദസഞ്ചാര വികസനത്തിനുകൂടി മുതൽ കൂട്ടാകത്തക്കവിധമാണ് പാലത്തിന്റെ രൂപകൽപ്പന. അണക്കെട്ട് തുറന്നുവിടുമ്പോൾ ജലം സുഗമമായി ഒഴുകി പോകുന്നതിനാണ് തൂണുകളുടെ എണ്ണം കുറച്ചിരിക്കുന്നത്. പാലത്തിനടിയിൽ അഞ്ചര മീറ്റർ അകലത്തിൽ വാഹനം ഓടിക്കുന്നതിനുള്ള റോഡും നിർമ്മിക്കും. പാലത്തിന് സമീപം പെരിയാർ തീരത്തുകൂടി പ്രത്യേക നടപ്പാതയും (വാക് വേ) സൈക്കിൾ ട്രാക്കും നിർമ്മിക്കും. രാത്രികാലങ്ങളിൽ പ്രകാശ വിന്യാസത്തിലൂടെ പാലത്തിന്റെ ദൃശ്യം ആകർഷകമാകുന്ന വിധത്തിലാണ് രൂപകല്പന. ഇന്ത്യയിൽ ഈ വിഭാഗത്തിലുള്ള മൂന്നാമത്തെ പാലമാണ് ഇടുക്കിയിൽ നിർമ്മിക്കുന്നത്. ഗോവയിലും മുംബൈലുമാണ് സമാനമായ നിർമ്മിതികളുള്ളത്. പാലത്തിന്റെ ഇരുവശത്തുമായി പെരിയാറിൽ 250 മീറ്റർ നീളവും ഒന്നര മീറ്റർ താഴ്ചയുമുള്ള ജലസംഭരണികളും നിർമ്മിക്കും. ഇതിൽ ബോട്ടിംഗ് നടത്താനും സൗകര്യമുണ്ടാകും. അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടാലും സംഭരണിക്ക് മുകളിലൂടെ സുഗമമായി ഒഴുകി പോകും. 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കുന്ന ചെറുതോണി പാലം ജില്ലയുടെ സമീപകാല മുന്നേറ്റത്തിന്റെ പ്രതീകമായി മാറുമെന്ന് ജോയ്‌സ് ജോർജ് എം.പി പറഞ്ഞു.
നിർദ്ദിഷ്ട പാലത്തിന്റെ ഘടന
140 മീറ്ററാണ് പാലത്തിന്റെ നീളം. 16 മീറ്റർ വീതിയുള്ള പ്രതലത്തിൽ ഇരുവശങ്ങളിലും നടപ്പാതകൾ ഉണ്ടാകും. 10 മീറ്റർ വീതിയിലാണ് ടാറിംഗ്. ഏഴ് മീറ്റർ ടാറിംഗിന് ശേഷം ഇരുവശങ്ങളിലേക്കും ഒന്നരമീറ്റർ വീതിയിൽ ചെറു വാഹനങ്ങൾക്കായി നിരത്തുണ്ടാകും. വാഹനങ്ങൾ നടപ്പാതയിലേക്ക് കയറി അപകടമുണ്ടാകാതിരിക്കാൻ കോൺക്രീറ്റ് ക്രാഷ് ബാരിയറുകൾ നിർമ്മിക്കും.