അടിമാലി: ഭവന- ഭൂരഹിതർക്ക് പാർപ്പിടമൊരുക്കുന്ന സർക്കാരിന്റെ ലൈഫ് പദ്ധതി പുരോഗമിക്കുമ്പോൾ മാങ്കുളം പഞ്ചായത്തിലെ ഒരു പറ്റം കർഷകുടുംബങ്ങൾ നിരാശയിലാണ്. 25 സെന്റിൽ കൂടുതൽ ഭൂമിയുള്ളവരെ പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിക്കേണ്ടെന്ന സർക്കാർ മാനദണ്ഡമാണ് ഇവർക്ക് തരിച്ചടിയായിട്ടുള്ളത്. 25 സെന്റിൽ കൂടുതൽ പട്ടയ ഭൂമിയുണ്ടെന്ന ഒറ്റകാരണത്താൽ തങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കരുതെന്നാണ് ഈ നിർദ്ധന കുടുംബങ്ങളുടെ ആവശ്യം. മക്കൾക്കും മരുമക്കൾക്കുമെല്ലാം ഭൂമി ഭാഗം വച്ച് നൽകിയിട്ടും നിയമപരമായി നേരിടുന്ന തടസങ്ങൾ മൂലം രേഖകളിൽ വലിയ അളവ് ഭൂമിയുള്ളവരും യഥാർത്ഥത്തിൽ പഞ്ചായത്തിൽ നിർദ്ധനരായിട്ടുണ്ട്. തങ്ങളുടെ നിസാഹായത തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഉപഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്നാണ് ഒരു പറ്റം കുടുംബങ്ങളുടെ ആവശ്യം. 395 കുടുംബങ്ങളാണ് മാങ്കുളം പഞ്ചായത്തിൽ ലൈഫ് പദ്ധതി പ്രകാരം വീടിനർഹരായിട്ടുള്ളത്. കരാർ നടപടികൾ പൂർത്തീകരിച്ച് വീടിന്റെ നിർമ്മാണ ജോലികൾക്ക് പഞ്ചായത്തിൽ തുടക്കമായി കഴിഞ്ഞു. ആദ്യ ഗഡുവും ചില കുടുംബങ്ങൾക്ക് രണ്ടാം ഗഡുവും നിർമ്മാണ തുക കൈമാറിയിട്ടുണ്ട്. പക്ഷേ, അടച്ചുറപ്പുള്ള കിടപ്പാടമില്ലാത്ത മുപ്പതോളം കുടുംബങ്ങൾ ഇനിയും പദ്ധതിക്ക് പുറത്ത് നിൽക്കുന്നെന്നാണ് പഞ്ചായത്തിൽ പ്രധാനമായി ഉയരുന്ന ആക്ഷേപം.
ഉപഭോക്തൃ പട്ടികയിലും ആക്ഷേപം
പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ പട്ടിക സംബന്ധിച്ചും വ്യാപക ആക്ഷേപമുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ പലരേയും പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്നാണ് പ്രധാനമായി ഉയരുന്ന പരാതി. പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്ന് കാണിച്ച് അപ്പീൽ സമർപ്പിച്ചവരുടെ കാര്യത്തിലും പുനഃപരിശോധന ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.