തൊടുപുഴ: അന്തർദേശീയ വീൽചെയർ ബാസ്‌കറ്റ്ബാൾതാരം അൽഫോൻസയ്ക്കും ഭർത്താവ് കണ്ണപ്പനും വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബ് നിർമ്മിച്ചു നൽകുന്ന സ്‌നേഹഭവനത്തിന്റെ കട്ടിളവയ്പ് കർമ്മം മതസൗഹാർദ്ദത്തിന്റെ പ്രതീകമായി മാറി. മുള്ളരിങ്ങാട് കൊടുവേലി സാൻജോ സി.എം.ഐ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴി സി.എം.ഐ, നെല്ലിക്കുഴി ടൗൺ മസ്ജിദ് ഇമാം അഷ്‌റഫ് മൗലവി, കാഞ്ഞിരക്കാട്ട് ശിവക്ഷേത്ര മേൽശാന്തി, സുധാകരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഷിൻസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മാർച്ച് 31 നകം ഈ സ്‌നേഹഭവനത്തിന്റെ താക്കോൽ അൽഫോൻസയ്ക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഇമാം അഷ്‌റഫ് മൗലവി നിർവഹിച്ചു. ഫാ. ജോൺസൺ വെട്ടിക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി. അൽഫോൻസയുടെയും കണ്ണപ്പന്റെയും ഐശ്വര്യപൂർണമായ ഒരു ജീവിതം ഈ സ്‌നേഹഭവനത്തിൽ ഉണ്ടാകട്ടെയെന്ന് സുധാകരൻ ശാന്തി ആശംസിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവ് ഭാസ്‌കർ സംസാരിച്ചു.