തൊടുപുഴ: ചെറുകിട വ്യാപാരികൾക്ക് ആശ്വാസകരമാകുന്ന തരത്തിൽ ജി.എസ്.ടി രജിസട്രേഷനുള്ള വിറ്റുവരവ് പരിധി 40 ലക്ഷമായി വർദ്ധിപ്പിച്ച ജി.എസ്.ടി കൗൺസിൽ തീരുമാനം അടിയന്തരമായി കേരളത്തിലും നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. സംഘടനയുടെ നേരത്തെ മുതലുള്ള ആവശ്യം വിറ്റുവരവ് പരിധി ഒരു കോടി ആക്കണമെന്നാണ്. ഈ വിഷയം നിരവധി തവണ നിവേദനത്തിലൂടെയും നേരിട്ടും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ സംഘടന നടത്തിയ നിരന്തരമായ ഇടപെടൽ മൂലമാണ് രജിസട്രേഷനുള്ള വിറ്റുവരവ് പരിധി 40 ലക്ഷമായി ഉയർത്താൻ ജി.എസ്.ടി കൗൺസിൽ തയ്യാറായത്. വരുമാന നഷ്ടത്തിന്റെ പേര് പറഞ്ഞ് ജി.എസ്.ടി രജിസട്രേഷനുള്ള വിറ്റുവരവ് പരിധി 20 ലക്ഷമായി നിജപ്പെടുത്തിയ കേരള സർക്കാരിന്റെ നടപടി സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട വ്യാപാരികളെ ദ്രോഹിക്കാനേ ഉപകരിക്കൂവെന്നും രാജു അപ്‌സര പറഞ്ഞു.