കുമളി: സ്കൂൾ പരിസരത്ത് മദ്യവും സിഗരറ്റ് വിൽപ്പനയും നടത്തിയയാളെ എക്സെെസ് ഉദ്യോഗസ്ഥർ പിടികൂടി. കുമളി ലബ്ബക്കണ്ടം താഴത്ത് വീട്ടിൽ നാസറാണ് (59) പിടിയിലായത്. മന്നാകുടി ട്രെെബൽ സ്കൂളിന് സമീപം താമസിക്കുന്ന നാസറിന്റെ കടയിൽൽ നിന്ന് ഒമ്പത് കുപ്പികളിലായി ഒന്നര ലിറ്റർ മദ്യവും 96 കെട്ട് ബീഡിയും 56 പാക്കറ്റ് സിഗരറ്റും കണ്ടെത്തി. വീടിനോട് ചേർന്നുതന്നെയാണ് കടയും പ്രവർത്തിക്കുന്നത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ നടത്തിയ പരിശോധനയിലാണ് നടപടി. ആദിവാസികൾ ഉൾപ്പടെയുള്ളവർക്കാണ് മദ്യവിൽപ്പന നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വണ്ടിപ്പെരിയാർ എക്സെെസ് ഇൻസ്പെക്ടർ പി.കെ. രഘു, പ്രീവന്റീവ് ഒാഫീസർ പി.എ. ഹാപ്പിമോൻ, സിവിൽ ഉദ്യോഗസ്ഥരായ രാജ് കുമാർ, ബി. രാജേഷ് കുമാർ, രാജീവ്. ജി, വനിതാ സിവിൽ എക്സെെസ് ഒാഫീസർ ശശികല എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.