തൊടുപുഴ: യു.ഡി.എഫ് ഭരണകാലത്ത് ജില്ലയിലെ കൃഷിക്കാരോട് സ്വീകരിച്ച സമീപനം എന്താണെന്ന് ജനങ്ങൾക്ക് നല്ലതുപോലെ അറിയാമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. പ്രതിപക്ഷ നേതാവും ജില്ലയിലെ കോൺഗ്രസുകാരും ഇപ്പോൾ പച്ചക്കള്ളം
വിളിച്ചു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. അഞ്ചുനാട് വില്ലേജുകളിലെ ഗ്രാന്റീസ് മരങ്ങൾ മുറിച്ചു മാറ്റുന്നതിനെക്കുറിച്ചാലോചിക്കാൻ പോലും തയ്യാറാകാത്ത കോൺഗ്രസ്
ഇപ്പോൾ ഗ്രാന്റീസിന്റെ പേരിൽ മുതലകണ്ണീർ പൊഴിക്കുകയാണ്. നിവേദിതാ
പി. ഹരൻ പറഞ്ഞതെല്ലാം അമൃത് പോലെ ഭുജിച്ചതാണ് യു.ഡി.എഫ്. ഗ്രാന്റീസ് മരങ്ങൾ പിഴുതുമാറ്റാൻ ഈ സർക്കാർ ഉത്തരവിറക്കിയ വിവരം കോൺഗ്രസ് നേതാക്കൾ അറിഞ്ഞിട്ടുണ്ടാവില്ല. കൃഷിക്കാർ പട്ടയ ഭൂമിയിൽ വച്ചു പിടിപ്പിച്ച 28 ഇനം മരങ്ങൾ മുറിച്ച് മാറ്റുന്നത് നിരോധിച്ച കഴിഞ്ഞ സർക്കാരിന്റെ കർഷക സ്‌നേഹം ജനങ്ങൾ നല്ലതുപോലെ അനുഭവിച്ചറിഞ്ഞതാണ്. സ്വന്തം പട്ടയ ഭൂമിയിൽ നട്ടു വളർത്തുന്ന 28 ഇനം മരങ്ങൾ മുറിച്ച് മാറ്റാൻ അനുവദിച്ച് ഉത്തരവിറക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. യു.ഡി.എഫ് അഞ്ച് വർഷം കൊണ്ട് വിതരണം ചെയ്തതിലേറെ പട്ടയങ്ങൾ ഈ സർക്കാർ ഇതിനോടകം വിതരണം ചെയ്തു. 16 ഉപാധികളോടുകൂടിയ പട്ടയമാണ് യു.ഡി.എഫ് നൽകിയെതെങ്കിൽ 1964ലെ ഭൂമിപതിവ് ചട്ടം ഭേദഗതിചെയ്ത് ഉപാധിരഹിത പട്ടയം നൽകുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്ന സത്യം പ്രതിപക്ഷ നേതാവ് മറക്കരുത്. യു.ഡി.എഫ് വിതരണം ചെയ്ത പട്ടയങ്ങളും ഉപാധിരഹിതമാക്കിയത് ഈ സർക്കാരാണെന്നും ശിവരാമൻ പറഞ്ഞു.