കുമളി: നിയമങ്ങൾ കാറ്റിൽ പറത്തി വലിയകണ്ടത്ത് വീണ്ടും വയൽ നികത്തൽ വ്യാപകമായി. നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നതിനെതിരെ ശക്തമായ നിയമമുണ്ടായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. രാത്രിയുടെ മറവിൽ വയൽനികത്തുന്നത് വ്യാപകമായതിനക്കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്തവന്നതിനെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം മുതൽ നൂറുകണിക്കിന് ലോറികളാണ് മണ്ണുമായി ഇടവേളയില്ലാതെ ഒാടിക്കൊണ്ടിരിക്കുന്നത്. നേരം വെെകിയിട്ടും വയൽ നികത്തൽ തുടരുന്നതായി നാട്ടുകാർ പറഞ്ഞു. മണ്ണ് മാഫിയയും റിയൽ എസ്റ്റേറ്റ് സംഘവുമാണ് ഇതിന് പിന്നിൽ. ഇവരുടെ രാഷ്ട്രീയ സ്വാധീനം കാരണം പ്രതികരിക്കാൻ നാട്ടുകാർക്കും ഭയമാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വയൽനികത്തൽ നടക്കുന്നതെന്ന ആക്ഷേപവുമുണ്ട്. മഴവെള്ളം തേക്കടി തടാകത്തിലേക്ക് ഒഴുകി പോകേണ്ട ഭാഗമാണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നത്. വലിയകണ്ടത്തിന്റെ ഭൂരിഭാഗം പ്രദേശവും ഇത്തരത്തിൽ നികത്തിയതിനാൽ ചെറിയ മഴക്കാലത്തുപോലും ഇവിടെ വെള്ളപൊക്കവും സാംക്രമീക രോഗങ്ങളും പതിവാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.