ksrtc
കട്ടപ്പന- ആനകട്ടി റോഡിൽ ബ്രേക്ക് നഷ്ടമായ ട്രാൻ. ബസ് കല്ല് തടയിട്ട് നിറുത്തിയ നിലയിൽ

ചെറുതോണി: കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപെട്ട കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തിൽ. കട്ടപ്പനയിൽ നിന്ന് ആനകട്ടിയിലേക്ക് പോയ ബസാണ് വെൺമണി കമ്പകകാനം ഇറക്കത്തിൽ ഇന്നലെ രാവിലെ ഏഴിന് അപകടത്തിൽപെട്ടത്. കുത്തിറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപെടുകയായിരുന്നു. യാത്രക്കാരും കണ്ടക്ടറും ഉരുണ്ട് നീങ്ങിയ ചക്രങ്ങൾക്ക് അടിയിൽ കല്ല് ഇട്ട് ബസ് നിറുത്തുകയായിരുന്നു. കട്ടപ്പനയിലെ ഡപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസുകൾ അപകടത്തിൽ പെടുന്നത് പതിവായതോടെ സംഭവത്തിൽ ജില്ല ട്രാൻസ്‌പോർട്ട് ഒഫീസർ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. അറ്റകുറ്റപണികൾ നടത്തുന്നതിലെ അപകത മൂലം കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് കമ്പകകാനത്ത് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെടുന്നത്. കട്ടപ്പന ഡിപ്പോയിലെ ആനകട്ടിക്ക് സർവീസ് നടത്തുന്ന ബസാണ് മൂന്ന് തവണയും അപകടത്തിൽപെട്ടത്. മൂന്ന് തവണയും വലിയ ദുരന്തം ഒഴിവായത് തല നാരിഴവ്യത്യാസത്തിൽ ആണ്.

അറ്റകുറ്റപണികൾ നടത്തുന്നതിൽ വരുത്തുന്ന അലംഭാവമാണ് ബസ് പതിവായി അപകടത്തിൽപെടാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു. ഈ വർഷം മാത്രം കട്ടപ്പന ഡപ്പോയിലെ 12 ബസുകൾ വിവിധ സ്ഥലങ്ങളിൽ അപകടത്തിൽപെട്ട് ഏഴ് പേർ മരിച്ചിട്ടുണ്ട്. ഈ ബസുകളെല്ലാം അപകടത്തിൽപെട്ടത് ബ്രേക്കിംഗ് സംവിധാനത്തിനുണ്ടായ തകരാറുകൾ മൂലമാണെന്നാണ് ആരോപണം. കഴിഞ്ഞ പ്രളയത്തിൽ കട്ടപ്പന വെള്ളയാംകുടി ഡിപ്പോയിലെ വർക്ക് ഷോപ്പ് തകർന്നിരുന്നു. ഇതിന് ശേഷം വർക്ക് ഷോപ്പിന്റെ പ്രവർത്തനങ്ങൾ പേരിന് മാത്രമാണ്. സർക്കാർ ഈ കാര്യങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നും മുമ്പ് നടന്ന അപകടങ്ങളിൽ ഡിപ്പോയുടെ മെക്കാനിക്ക് വിഭാഗത്തിന്റെ ഉദാസീനത അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.