രാജാക്കാട്: ചിന്നക്കനാൽ ഇരട്ടക്കൊലക്കേലിലെ മുഖ്യപ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ സേനയിലും പൊതുസമൂഹത്തിലും അസംതൃപ്തി പുകയുന്നു. പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതിന്റെ ചിത്രം മേലുദ്യോഗസ്ഥരുടെ അനുവാദം കൂടാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് നടപടി. അടിമാലി രാജധാനി കൂട്ടക്കൊല ഉൾപ്പെടെ ജില്ലയിലെ പല പ്രധാന കുറ്റകൃത്യങ്ങളിലെയും പ്രതികളെ പിടികൂടുകയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നൂറോളം ഗുഡ് സർവീസ് എന്റ്രികളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള സമർത്ഥരായ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ നടപടിയിൽ സേനാംഗങ്ങൾക്കിടയിൽ അമർഷമുണ്ട്. സ്‌ക്വാഡിന്റെ തലവനായിരുന്ന എസ്.ഐ പി.ഡി അനൂപ് മോനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

രാജാക്കാട് സ്റ്റേഷനിലെ എ.എസ്.ഐ ഉലഹന്നാൻ, സി.പി.ഒമാരായ ഓമനക്കുട്ടൻ, രമേശ്, വെള്ളത്തൂവൽ എ.എസ്.ഐ സജി. എൻ. പോൾ, ശാന്തമ്പാറ എ.ആർ.സി.പി.ഒ സനീഷ് എന്നിവരെയാണ് മൂന്നാർ ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം നടപടിയ്ക്ക് വിധേയരാക്കിയിരിയ്ക്കുന്നത്. 45 / 2015 നമ്പർ സർക്കുലറിൽ നിർദ്ദേശിക്കുന്ന പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ശിക്ഷ. ഇരട്ടക്കൊല നടത്തിയ ശേഷം മുങ്ങിയ പ്രധാന പ്രതിയെ കണ്ടെത്താൻ എസ്.പി നിയോഗിച്ചിരുന്നത് സൈബർ വിംഗിനെയും ശാന്തൻപാറ സി.ഐയുടെ കീഴിലായി എസ്.ഐമാരായ ബി. വിനോദ് കുമാർ, രാധാകൃഷ്ണൻ, അനൂപ് മോൻ എന്നിവരും മറ്റ് സേനാംഗങ്ങളും അടങ്ങുന്ന സംഘത്തെയുമായിരുന്നു. ഇരു സംഘങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനമോ സഹകരണമോ കേസ് അന്വേഷണത്തിന് ഉണ്ടായിരുന്നില്ലെന്നാണ് സൂചന. പ്രതിയെ മധുരയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തയുടൻ ചിത്രം എടുത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാട്‌സ് ആപ്പിൽ നൽകി. അദ്ദേഹം ഇതിൽ അഭിനന്ദിക്കുകയും ചെയ്തു. പിന്നീട് ഇതേ ചിത്രം പൊലീസിന്റെ മൂന്നാർ സബ് ഡിവിഷന്റെ ഗ്രൂപ്പിലും ശാന്തമ്പാറ പൊലീസിന്റെ ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു. ഏറെ വൈകാതെതന്നെ ഈ ചിത്രം പലരുടെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും, വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം സ്‌ക്വാഡ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത വാർത്തയും ചില പത്രങ്ങളിൽ ഈ ചിത്രവും വന്നു. ഇതിൽ ജില്ലാ പൊലീസ് മേധാവി അസംതൃപ്തി പ്രകടിപ്പിക്കുകയും കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവർത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്ന വിമർശനം ഉന്നയിക്കുകയും ചെയ്തു. പൊലീസ് ഗ്രൂപ്പുകളിൽ നിന്ന് ചിത്രം പുറത്തുവിട്ടവരെ കണ്ടെത്താൻ മിനക്കെടാതെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുത്തത് പരക്കെ വിമർശനത്തിന് ഇടയാക്കി.


സസ്‌പെൻഷനിലായത് കഴിവ് തെളിയിച്ച ഉദ്യോഗസ്ഥർ

അടിമാലി രാജധാനി കൂട്ടക്കൊല, സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മാറിടം അറുത്തെടുത്ത സംഭവം, മുനിയറയിലെ സ്ത്രീയെ തമിഴ്‌നാട്ടിൽ കുളത്തിൽ കൊന്നിട്ട സംഭവം, വണ്ടിപ്പെരിയാറിലെ അമ്മയുടെയും മകളുടെയും കൊലപാതകം, കഞ്ചാവ് മയക്കുമരുന്ന് കടത്തൽ, മോഷണം തുടങ്ങി ജില്ലയിലെ പ്രമാദമായ പല കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട എ.എസ്.ഐമാർ. 15 വർഷമായി മൂന്നാർ സബ്ഡിവിഷനു കീഴിലെ പ്രധാന കുറ്റകൃത്യങ്ങൾ അന്വേഷിച്ച് തുമ്പുണ്ടാക്കിയതിലും ഇരുവർക്കും പ്രധാന പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, ആഭ്യന്തര മന്ത്രിയുടെ ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഒഫ് ഓണറുകൾ, നൂറിൽപ്പരം ഗുഡ് സർവീസ് എൻട്രികൾ തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 'ഗ്രേവ് ക്രൈം' വിഭാഗത്തിൽ വരുന്ന കേസുകളുടെ അന്വേഷണത്തിന് പതിവായി നിയോഗിക്കപ്പെടുന്നവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പൊലീസുകാർ. ജില്ലയിൽ ഏറ്റവുമധികം കഞ്ചാവ് ലഹരി വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥനാണ് എസ്.ഐ അനൂപ് മോൻ. പ്രളയ ദുരിതാശ്വാസ രക്ഷാ പ്രവർത്തനങ്ങളിലും ശബരിമല വിഷയത്തിലും വിശ്രമമില്ലാതെ ജോലിചെയ്ത ഉദ്യോഗസ്ഥരുമാണ്. സമർത്ഥരും സത്യസന്ധരുമായ ഉദ്യോഗസ്ഥർക്കെതിരെ അഭിനന്ദനത്തിനു പകരം പ്രതികാര നടപടയാണ് സ്വീകരിച്ചത് ആത്മവീര്യം നഷ്ടപ്പെടാൻ ഇതിടയാക്കുമെന്നുമുള്ള അഭിപ്രായം സേനാംഗങ്ങളിൽ നിന്നും പൊതു പ്രവർത്തകരിൽ നിന്നും ഉയരുന്നുണ്ട്.