മറയൂർ: മറയൂർ ഉടുമലൈ സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉടുമലൈ സ്വദേശി മണികണ്ഠനാണ് (55) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 1.30ന് തമിഴ്‌നാട് അതിർത്തിയിൽ എസ് വളവിന് താഴെ പൊങ്കനോട പാലത്തിന് സമീപമായിരുന്നു അപകടം. ചെറുകിട വസ്ത്രവ്യാപാരിയായ മണികണ്ഠൻ മറയൂർ കോവിൽക്കടവ് ഭാഗങ്ങളിൽ മോട്ടോർ ബൈക്കിൽ തുണി വില്പന നടത്തി മടങ്ങുമ്പോഴാണ് ഉടുമലൈയിൽ നിന്ന് വന്ന ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മണികണ്ഠനെ ഉടുമലൈ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി. രണ്ടു ദിവസത്തിനുള്ളിൽ രണ്ട് ബൈക്ക് അപകടങ്ങളാണ് പ്രദേശത്തുണ്ടായത്. രണ്ടും കെ.എസ്.ആർ.ടി.സി ബസുമായിട്ടായിരുന്നു. ഊരുവാസലിൽ നടന്ന അപകടത്തിൽ പരിക്കേറ്റ മോഹൻദാസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംസ്ഥാന പാതക്ക് വീതിയില്ലാത്തതിനാൽ നിരവധി അപകടങ്ങളാണ് ഈ പാതയിൽ ഉണ്ടാകുന്നത്.