fishfarming
നിർമ്മാണം പൂർത്തിയാക്കിയ മത്സ്യകുളം

രാജാക്കാട്: മത്സ്യ കൃഷിയിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഹൈഡെൻസിറ്റി അക്വാ കൽച്ചർ ഫാം നിർമ്മിച്ച് ഒരു വർഷം പിന്നിടുമ്പോളും ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് ലഭിക്കാത്തതിനാൽ പ്രവർത്തനം ആരംഭിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് രാജാക്കാട് കരുണാഭവൻ. ലൈസൻസില്ലാത്തതിനാൽ ഫാമിലേക്ക് വൈദ്യുതി കണക്ഷനും കിട്ടാത്ത അവസ്ഥയാണ്. വഴിയിൽ ഉപേക്ഷിച്ച് പോയവർക്ക് താങ്ങും തണലുമായി നിന്ന് പ്രവർത്തിക്കുന്ന കരുണാഭവനിലെ അന്തേവാസികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് നിത്യ ചിലവുകൾക്ക് ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് കരുണാഭവൻ മാനേജിംഗ് ട്രസ്റ്റി ട്രീസാ തങ്കച്ചനും ഭർത്താവ് തങ്കച്ചനും മത്സ്യ കൃഷിയിലേയ്ക്ക് തിരിയാൻ തീരുമാനിച്ചത്. യൂണിയൻ ബാങ്കിൽ നിന്ന് ആറു ലക്ഷം രൂപ ലോൺ ലഭ്യമാക്കിയാണ് ഫാം തുടങ്ങിയത്. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ അഞ്ചു സെന്റ് സ്ഥലത്ത് കുളം നിർമ്മിച്ച് അനുബന്ധ സംവിധാനങ്ങളും ഒരുക്കി. വിപണിയിൽ വൻ ഡിമാന്റുള്ള ഗിഫ്‌റ്റ് തിലോപ്പിയ കൃഷി ചെയ്യുകയാണു ലക്ഷ്യം. ഇതിനായി ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് ആവശ്യമാണ്. എന്നാൽ ലൈസൻസ് നൽകാൻ കുമളിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ പുറത്ത് നിന്ന് പലിശയ്ക്ക് പണം വാങ്ങേണ്ട സ്ഥിതിയാണ് ഉള്ളതെന്നും കുളത്തിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടറുകളടക്കം തുരുമ്പെടുത്ത് നശിക്കുകയാണെന്നും ഇവർ പറയുന്നു.