ചെറുതോണി: യു.ഡി.എഫ് ധാരണയനുസരിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്തും വൈസ് പ്രസിഡന്റ് സെലിൻ കുഴിഞ്ഞാലിയും ഇന്നലെ രാജിവച്ചു. തീരുമാനപ്രകാരം ആദ്യമൂന്നുവർഷം പ്രസിഡന്റ് പദവി കോൺഗ്രസിനും വൈസ് പ്രസിഡന്റ് പദവി കേരള കോൺഗ്രസിനുമായിരുന്നു. കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ഇരുവരും രാജിവച്ചത്. പ്രസിഡന്റിന്റെ ചുമതല കാമാക്ഷി വാർഡ് മെമ്പർ റെജി മുക്കാടിനും വൈസ് പ്രസിഡന്റിന്റെ ചുമതല അറക്കുളം വാർഡ് മെമ്പർ ചെല്ലമ്മ ദാമോദരനും നൽകി. ഇലക്ഷൻ കമ്മിഷന്റെ നടപടിക്രമങ്ങൾ പൂർത്തിയായാലുടനെ തെരഞ്ഞെടുപ്പ് നടത്തും. പുതിയ പ്രസിഡന്റായി കേരള കോൺഗ്രസിലെ റെജി മുക്കാട്ടിനെ തെരഞ്ഞെടുക്കും. വൈസ്‌ പ്രസിഡന്റ് കോൺഗ്രസ് പ്രതിനിധിക്കാണ്. ആരാണെന്ന് പിന്നീട് തീരുമാനിക്കും. ഭരണ സമിതി രാജിവച്ചതിനെ തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മൂന്നുവർഷത്തിനിടയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ യാതൊരഭിപ്രായ വ്യത്യാസവുമില്ലാതെ ഭരണം നടത്താൻ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. മൂന്നുവർഷത്തിനിടയിൽ 25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും കാൽവരി മൗണ്ട് ടൂറിസ്റ്റ് സെന്റർ, താന്നിക്കണ്ടം വനിതാ പരിശീലനകേന്ദ്രം, കാൻസർ രോഗികൾക്ക് പ്രത്യേ പരിഗണന, പാലിയേറ്റീവ് പദ്ധതികൾക്ക് പ്രത്യേക വിഭാഗം എന്നിവയും നടപ്പാക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ നിന്ന് രണ്ടേക്കർ സ്ഥലം അനുവദിപ്പിച്ചത് തന്റെ ഭരണകാലത്തെ അഭിമാനകരമായ നേട്ടമാണെന്നും പ്രസിഡന്റ് പറഞ്ഞു. മെഡിക്കൽ കോളജിന് സമീപത്തായി ലഭിച്ച സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലകസ് കം ഓഫീസ് കോംപ്ലക്സ് നിർമിക്കുന്നതിനായി ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നും ബാക്കി തുക ലോണെടുത്തും വരും വർഷങ്ങളിലെ തനത് ഫണ്ട് ഉപയോഗിച്ചും നിർമാണം പൂർത്തിയാക്കുമെന്നും ആഗസ്തി അഴകത്ത് പറഞ്ഞു. ചെറുതോണിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നില ഷോപ്പിംഗ് കോംപ്ലക്‌സും മറ്റ് നിലകൾ ഓഫീസുകളായും പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.