പീരുമേട്: സ്വകാര്യ ബസ് തടഞ്ഞു നിറുത്തി എട്ടംഗ സംഘം കണ്ടക്ടറെ മർദിച്ചതായി പരാതി. തടയാൻ ശ്രമിച്ച യാത്രക്കാരിക്കും കണ്ടക്ടർക്കും പരിക്കേറ്റു. കുമളിയിൽ നിന്ന് ഏലപ്പാറയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ജോബി തോമസിനാണ് (38) മർദ്ദനമേറ്റത് . ഇയാളെ പീരുമേട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ നിന്ന് സർവീസ് ആരംഭിച്ച ബസ് പത്തു മണിയോടെ പട്ടുമലയിൽ എത്തിയപ്പോഴാണ് ഇരുചക്ര വാഹനങ്ങളിൽ എത്തിയ എട്ടംഗ സംഘം തടഞ്ഞത്. ബസ് തടഞ്ഞ് ഉള്ളിൽ കയറിയ സംഘം കണ്ടക്ടറെ മർദിക്കുകയായിരുന്നെന്നാണ് യാത്രക്കാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇത് തടഞ്ഞ സർക്കാർ ജീവനക്കാരിയായ യാത്രക്കാരിക്കും മർദനമേറ്റു. പീരുമേട് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം ബധിരനായ ഒരാൾ ബസിൽ കയറുകയും സ്റ്റോപ്പ് മാറി ഇറങ്ങുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാൻ എത്തിയവരാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.