ഇടുക്കി: വനിതാ ജീവനക്കാർക്ക് മിതമായ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യമൊരുക്കിയുള്ള വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ്, കട്ടപ്പന നഗരസഭാ ചെയർമാൻ അഡ്വ. മനോജ് എം.തോമസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, നഗരസഭാ കൗൺസിലർ സി.കെ. മോഹനൻ, ഭവന നിർമ്മാണ ബോർഡ് ചീഫ് എൻജിനിയർ രാജീവ് കരിയിൽ എന്നിവർ സംസാരിച്ചു. ഹൗസിംഗ് കമ്മിഷണർ ബി. അബ്ദുൾ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രസംസ്ഥാന ഫണ്ടുകൾ വിനിയോഗിച്ച് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കട്ടപ്പനയിൽ പബ്ലിക് ഹൗസിംഗ് സ്‌കീമിലാണ് ഹോസ്റ്റൽ പണികഴിപ്പിച്ചിരിക്കുന്നത്. കട്ടപ്പന ബൈപ്പാസ് റോഡിനു സമീപം ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിലുള്ള 47 സെന്റ് സ്ഥലത്താണ് 1908 ച. മീ. വിസ്തീർണ്ണത്തിൽ മൂന്നുനിലകളിലായി ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്നത്. 5.15 കോടി രൂപ ചിലവഴിച്ചാണ് 125 കിടക്കകളോടുകൂടിയ ഹോസ്റ്റൽ പൂർത്തീകരിച്ചത്. നിർമ്മാണ ചെലവിന്റെ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം തുക സംസ്ഥാന സർക്കാർ വിഹിതവുമാണ്. അധികമായി വരുന്ന തുക ബോർഡാണ് വഹിക്കുന്നത്. ഭിശേഷിക്കാർക്കായി ബാത്ത്‌റൂം സൗകര്യമുള്ള മൂന്നു കിടക്കയോടു കൂടിയ മുറിയും രണ്ട് കിടക്കകളുള്ള രണ്ട് അതിഥിമുറിയും മൂന്ന് കിടക്കകളുള്ള 20 മുറിയും ആറ് കിടക്കകളുള്ള ഡോർമെറ്ററിയും രോഗികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ രണ്ട് കിടക്കകളുള്ള ബാത്ത് അറ്റാച്ച്ഡ് മുറിയും ഡേ കെയർ, റിക്രിയേഷൻ ഹാൾ, അടുക്കള, ഡൈനിംഗ് ഹാൾ എന്നീ സൗകര്യങ്ങളും ഹോസ്റ്റലിലുണ്ട്.