ഇടുക്കി: ജില്ലയിൽ പട്ടികജാതി പട്ടിക ഗോത്ര വർഗ ജനവിഭാഗങ്ങൾക്കിടയിൽ അക്രമങ്ങൾക്ക് ഇരയാകുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പൊതുവെ കുറവാണെന്നും ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടുതലെന്നും 'സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി. മൂന്നാർ പഞ്ചായത്ത് ഹാളിൽ പട്ടികജാതി പട്ടിക ഗോത്ര വർഗ വിഭാഗങ്ങൾക്കായി നടത്തിയ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേസുകൾ സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ടുകൾ വൈകുന്നു. ഇതിനാൽ കേസുകൾ നീണ്ടു പോകുന്നു. സാധാരണക്കാരായ ജനവിഭാഗങ്ങളുടെ കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകരുതെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഈ വർഷത്തെ ആദ്യ അദാലത്താണ് മൂന്നാറിൽ നടന്നത്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ നിന്നായി 68 കേസുകൾ പരിശോധിച്ചു. ഇതിൽ 49 എണ്ണം തീർപ്പാക്കി. മറ്റുള്ള കേസുകളിൽ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടു. കൈയേറ്റം, പട്ടയം, അതിർത്തി തർക്കം, നടവഴി സംബന്ധിച്ച തർക്കങ്ങൾ, വന്യ ജീവി ആക്രമണം തുടങ്ങിയ പ്രശ്നങ്ങളിലാണ് കമ്മിഷൻ തീർപ്പുണ്ടാക്കിയത്. വിവിധ ഇടങ്ങളിൽ നിന്നുള്ള പുതിയ 17 പരാതികളും അദാലത്തിൽ സ്വീകരിച്ചു. കമ്മിഷൻ അംഗങ്ങളായ മുൻ എം.പി എസ്. അജയ കുമാർ, അഡ്വ. സിജ പി.ജെ എന്നിവരും ചേർന്നാണ് പരാതികൾ പരിഹരിച്ചത്. 24ന് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കമ്മിഷൻ അദാലത്ത് നടത്തും.