പീരുമേട്: വനാവകാശ രേഖകൾ വാങ്ങാനെത്തിയ യുവതിക്കൊപ്പം ഭർത്താവെത്തിയില്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ രേഖ നിഷേധിച്ചു. ഉപ്പുതറ കണ്ണംപടി ആദിവാസി ഊരിൽ നിന്ന് എത്തിയ രാജന്റെ ഭാര്യ കമലമ്മയ്ക്കാണ് ഭർത്താവ് കൂടെയില്ലാത്തതിനാൽ രേഖ നിഷേധിച്ചത്. ആദിവാസി ക്ഷേമ വകുപ്പ് പ്രമോട്ടർ അറിയിച്ചതനുസരിച്ചാണ് കമലമ്മയും ബന്ധുവായ പെൺകുട്ടിയും രേഖ വാങ്ങാൻ എത്തിയത്. രേഖയിൽ ഭർത്താവിന്റെയും ഭാര്യയുടെയും ഫോട്ടോ പതിപ്പിച്ചാണ് വന്നതെന്നും അതിനാൽ ഇരുവരും എത്തിയാൽ മാത്രമേ രേഖ നൽകാൻ സാധിക്കൂവെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പട്ടയം വാങ്ങാൻ ഭാര്യാ- ഭർത്താക്കന്മാരിൽ ഒരാൾ എത്തിയാൽ മതിയെന്ന് തഹസിൽദാർ അറിയിച്ചിരുന്നത് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടികാട്ടിയപ്പോൾ രേഖ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായി. കമലമ്മയ്ക്ക് ഒപ്പം കണ്ണംപടിയിൽ നിന്ന് നിരവധി പേർ വനാവകാശ രേഖയ്ക്കായി എത്തിയിരുന്നു.