തൊടുപുഴ: പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് തൊടുപുഴ നിയോജക മണ്ഡലത്തിൽ അനുവദിച്ച 30 കോടി രൂപ വിനിയോഗിച്ച് ഏതെല്ലാം റോഡുകൾ ഏറ്റെടുക്കണമെന്ന് തീരുമാനിച്ചത് പി.ജെ. ജോസഫ് എം.എൽ.എയാണെന്ന് കേരളാ കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ് പറഞ്ഞു. വൈദ്യുതി മന്ത്രിയും ഇടുക്കി എം.പിയും ചേർന്നാണ് റോഡുകൾക്ക് അനുമതി നൽകിയതെന്ന അവരുടെ പ്രസ്താവന തരംതാണ രാഷ്ട്രീയമാണ്. തൊടുപുഴയിലെ തകർന്നടിഞ്ഞ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കണമെങ്കിൽ 500 കോടി രൂപയെങ്കിലും ആവശ്യമാണെങ്കിലും തൊടുപുഴയ്ക്ക് അനുവദിച്ചത് വെറും 30 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും അതത് എം.എൽ.എമാരാണ് അവിടുത്തെ ജോലികൾ ഏതെല്ലാമാണെന്ന് തീരുമാനിച്ചിട്ടുള്ളത്. തൊടുപുഴയിൽ അതുപോലെതന്നെയാണ് ചെയ്തിട്ടുള്ളത്. എന്നാൽ തൊടുപുഴയിലെ മാത്രം ജോലികൾ മന്ത്രിയും എം.പിയും ചേർന്നാണ് അനുവദിച്ചതെന്ന പ്രസ്ഥാവന ശുദ്ധകളവാണെന്നും അദ്ദേഹം പറഞ്ഞു.