കുട്ടിക്കാനം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം കൈവശഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചതിന്റെ സാഫല്യത്തിലാണ് മന്നാങ്കണ്ടം വില്ലേജിലെ 273 കുടുംബങ്ങളും രാജക്കാട് കനകപ്പുഴ നിവാസികളും. മന്നാങ്കണ്ടം വില്ലേജിലെ ഭൂരേഖകളിൽ മലയാറ്റൂർ റിസർവ് ഫോറെ്രസ്രന്ന് രേഖപ്പെടുത്തിയിരുന്നതിനാൽ ഈ പ്രദേശം എന്നും പട്ടയ നടപടിക്ക് പുറത്തായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ വിശദമായ പഠനത്തിന് വിദഗ്ദ്ധസംഘത്തെ നിയോഗിച്ചു. ഇവർ പഴയകാല റവന്യൂ, സർവേ രേഖകളടക്കം സൂക്ഷ്മമായി പഠിച്ചതിൽ നിന്ന് 'റിസർവ് ഫോറസ്റ്റ് ' എന്ന പരാമർശം തെറ്റായി രേഖപ്പെടുത്തിയാണെന്ന് കണ്ടെത്തി. പിന്നീട് സർക്കാർ ഇടപെട്ട് ഈ പരാമർശം നീക്കം ചെയ്തതോടെയാണ് മന്നംകണ്ടം നിവാസികളുടെ പട്ടയസ്വപ്നത്തിന് ചിറക് മുളച്ചത്. രാജക്കാട് പഞ്ചായത്തിലെ മുക്കുടിൽ, കനകപ്പുഴ പ്രദേശവാസികൾക്കുമുണ്ട് നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന്റെ കദനകഥ. ആന്റോ ജോസ്, ശോഭന വിജയൻ, ബിന്ദു കുട്ടായി, അമ്മിണി, തങ്കച്ചൻ എന്നിവരാണ് 40 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്നലെ പട്ടയം ഏറ്റുവാങ്ങി. കർഷക കുടുംബത്തിൽ ജനിച്ച് കർഷകരായി ജീവിച്ചിട്ടും ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും തങ്ങളുടെ ഭൂമി പണയവസ്തു ആകുമായിരുന്നില്ല. ഇന്നലെ കൈവന്ന സൗഭാഗ്യത്തോടെ എല്ലാത്തിനും പരിഹാരമായതിന്റെ സന്തോഷത്തിലാണ് ഈ ഗ്രാമവാസികൾ.

ലീലയ്ക്ക് പട്ടയ ഭൂമിയിൽ സ്വന്തം വീട് നിർമ്മിക്കാം
അടിമാലി ഇരുമ്പുപാലം കരിപ്പാക്കുടി ലീലാ നാരായണൻ എന്ന വീട്ടമ്മയ്ക്ക് ഒരേക്കർ പത്ത് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചത് സ്വപ്നസാക്ഷാത്കാരമായി. മന്നാങ്കണ്ടത്തിന് പട്ടയം നൽകുന്നതിലെ തടസങ്ങൾ നീങ്ങിയതാണ് ഈ വീട്ടമ്മയ്ക്ക് ഭാഗ്യമായത്. കുടുംബത്തിന്റെ ഏക ആശ്രയം കൃഷിയായിരുന്നു. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ മൺകട്ട കൊണ്ട് നിർമ്മിച്ച വീടും കൃഷി സ്ഥലവും നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഒരേക്കർ പത്ത് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചത്. പുതിയതായി വീട് നിർമ്മിക്കാനുള്ള സകല സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇനി സ്വന്തം പട്ടയഭൂമിയിൽ തന്നെ വീട് നിർമ്മിക്കാമെന്ന സന്തോഷത്തിലാണ് ലീല നാരായണൻ.


ആദ്യപട്ടയം മോഹനന്
പട്ടയമേളയിൽ മന്ത്രി ഇ. ചന്ദ്രശേഖരനിൽ നിന്ന് ആദ്യ പട്ടയം ഏറ്റുവാങ്ങിയ ഉപ്പുതറ പൊരികണ്ണി തിരിയൻതറയിൽ കെ.വി. മോഹനൻ സന്തോഷകണ്ണീർ നിയന്ത്രിക്കാനായില്ല. 64 കാരനായ മോഹനൻ ജനിച്ചു വളർന്ന ഭൂമിയുടെ ആധികാരിക രേഖയാണ് ജീവിത സായാഹ്നത്തിൽ കൈവന്നത്. ഒരുകാൽ മുറിച്ചുമാറ്റിയ മോഹനൻ ഭാര്യ ശോഭനയ്ക്കും ചെറുമകൻ അപ്പുവിനുമൊപ്പമാണ് തന്റെ സ്വപ്നസാഫല്യം ഏറ്റുവാങ്ങാനെത്തിയത്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് മലങ്കര എസ്റ്റേറ്റിൽ ജോലിക്കാരനായി പിതാവ് വേലുവാശാനൊപ്പം ഉപ്പുതറയിൽ കുടിയേറിയത്. പിന്നീട് മോഹനനും എസ്റ്റേറ്റിലെ തൊഴിലാളിയായി. ജോലിക്കിടയിൽ കാലിൽ കമ്പി കുത്തിക്കയറി പഴുത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. അന്നു മുതൽ ഊന്നുവടിയുടെ സഹായത്താലാണ് നടക്കുന്നത്.


നീതുവിന് കിട്ടിയത് പൈതൃക സ്വത്തിന്റെ ആധികാരിക രേഖ
30 ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായെത്തി പട്ടയം കൈയിൽ വാങ്ങിയപ്പോൾ നീതുവിനത് അഭിമാന മുഹൂർത്തമായി. മത്തായിപ്പാറ കൂവലേറ്റം ചാത്തനാട് വീട്ടിൽ നീതുമോൾ പ്രദീപിന് സ്വന്തം പേരിലുള്ള ഒന്നേകാൽ ഏക്കർ ഭൂമിക്കാണ് പട്ടയം ലഭിച്ചത്. 2014ൽ വിവാഹവേളയിൽ പൈതൃകസ്വത്തായി കൈമാറി ലഭിച്ചതാണ് ഈ ഭൂമി. അതേവർഷം തന്നെ പട്ടയത്തിന് അപേക്ഷയും നൽകി. മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷമാണെങ്കിലും പൂർവികർ സമ്പാദിച്ച് നൽകിയ വസ്തുവിന്റെ ആധികാരിക രേഖ ഏറ്റുവാങ്ങാനായതിന്റെ സന്തോഷം നീതുമോൾ മറച്ചുവച്ചില്ല.