തൊടുപുഴ: നഗരത്തിലെ പലറോഡുകളും വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ സ്ഥാപിക്കാനായി പൊളിച്ചിട്ടിരിക്കുന്നതുമൂലം ഉണ്ടായിട്ടുള്ള ഗതാഗതകുരുക്കും പൊടിശല്യവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പി.ഡബ്ളു.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് വ്യാപാരികളുടെ പ്രതിഷേധമിരമ്പി. തൊടുപുഴ വ്യാപാരഭവൻ അങ്കണത്തിൽ നിന്ന് ആരംഭിച്ച മാർച്ച് പി.ഡബ്ല്യു.‌ഡി ഓഫീസിന് മുമ്പിൽ എത്തിയപ്പോൾ അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നാവൂർകനി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അജീവ്, മുൻ പ്രസിഡന്റുമാരായ ടി.എൻ. പ്രസന്നകുമാർ, എൻ.എൻ. രാജു, കെ. വിജയൻ, ജോസ് വഴുതനപ്പിള്ളിൽ, ആർ. രമേഷ്, പി.കെ. ഷാഹുൽ ഹമീദ്, പി.വേണു, എൻ.പി. ചാക്കോ, യൂത്ത്‌വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറി താജു എം.ബി., എന്നിവർ നേതൃത്വം നൽകി. തുടർന്ന് അസോസിയേഷന്റെ നിവേദനം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് കൈമാറി. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ തൊടുപുഴയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളെ കൂടെ അണിനിരത്തി ഫെബ്രുവരി ഒന്നിന് വ്യാപാരികൾ കടകളടച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ നേതാക്കൾ പറഞ്ഞു.