മറയൂർ: മുക്കുപ്പണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. സ്വർണമാണെന്ന് തോന്നിപ്പിക്കാൻ ആഭരണത്തിന്റെ അരികിൽ 916 സ്വർണം കൊണ്ട് മുത്തുകൾ പിടിപ്പിച്ച് സ്വകാര്യ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പേരെയാണ് മറയൂർ പൊലീസ് പിടികൂടിയത്. മറയൂർ ബാബുനഗറിൽ കാട്ടിപ്പറമ്പിൽ ശക്തി വേൽ (36), മറയൂരിൽ സ്വർണ്ണ പണി നടത്തുന്ന അടിമാലി കംകോ ജംഗ്ഷനിൽ കിഴക്കേവീട്ടിൽ അശോകൻ (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശക്തിവേലിനെ തമിഴ്നാട്ടിലെ ഒമ്പതാറിൽ നിന്നും അശോകനെ മറയൂരിൽ നിന്നുമാണ് പിടികൂടിയത്. ശക്തിവേലിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അശോകന്റെ പങ്ക് വ്യക്തമായത്. ശക്തിവേൽ കോയമ്പത്തൂരിൽ നിന്ന് വാങ്ങി കൊണ്ടുവരുന്ന മുക്കുപണ്ടത്തിൽ സ്വർണ്ണം പിടിപ്പിച്ചു നൽകിയത് അശോകനാണെന്ന് ശക്തിവേൽ മൊഴി നൽകി. മറയൂരിൽ നിന്ന് അശോകനെ ചൊവ്വാഴ്ച കസ്റ്റഡിയിൽ എടുത്തു. മറയൂർ ടൗണിൽ പ്രവർത്തിച്ചു വരുന്ന സ്വകാര്യ ബാങ്കിൽ 2018 ഫെബ്രുവരി 26 മുതൽ ഏഴ് തവണയായി 389.94 ഗ്രാം സ്വർണ്ണം ശക്തിവേലിന്റെയും സഹോദരൻ ഷൺമുഖവേലിന്റെയും പേരിൽ പണയം വച്ച് 8,52,219 രൂപ വാങ്ങി. സ്വകാര്യ ബാങ്കിന്റെ ഓഡിറ്റിംഗിലാണ് പണയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഒക്ടോബർ 31ന് ശക്തിവേലിന്റെ സഹോദരൻ ഷൺമുഖവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറയൂർ എസ്.ഐ ജി. അജയകുമാർ, അഡീഷണൽ എസ്.ഐ ടി.ആർ. രാജൻ, ടി.എം. അബ്ബാസ്, ടി.പി. അജീഷ് പോൾ, ഉമേഷ് ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ബുധനാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും.