തൊടുപുഴ: പുസ്തകത്തോളം നല്ലവരായ സുഹൃത്തുക്കളില്ലെന്നും തെറ്റുതിരുത്തി നല്ലവരായി മടങ്ങാൻ തടവുകാർക്ക് പുസ്തക വായന ഉപകരിക്കുമെന്നും പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. നെടുങ്കണ്ടം എം.ഇ.എസ്. കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് മുട്ടം ജില്ലാ ജയിലിന് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയിലൂടെ മനഃപരിവർത്തനം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തി 'അക്ഷരദീപ്തി' എന്ന് പേരിട്ട പദ്ധതിയിലൂടെ 200 പുസ്തകങ്ങളും ഷെൽഫുമാണ് നെടുങ്കണ്ടം എം.ഇ.എസ്.എൻ.എസ്.എസ് യൂണിറ്റ് ജില്ലാ ജയിലിന് സംഭാവന നൽകിയത്. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് വി.എം. അബ്ബാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഡ്വ. പി.എച്ച് ഹനീഫാ റാവുത്തർ, കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ പി.എ. മുഹമ്മദ് സാലി, സെക്രട്ടറി പി.എസ് അബ്ദുൽ ഷുക്കൂർ, വി.എ ജമാൽ മുഹമ്മദ്, ജയിൽ സൂപ്രണ്ട് കെ.ബി അൻസാർ, പ്രിൻസിപ്പൽ പ്രൊഫ എ.എം. റഷീദ്, എൻ.എസ്.എസ് യൂനിറ്റ് സെക്രട്ടറി സമീർ സലീം എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ റമീന കെ.എ, സി.ടി ഷാനവാസ് എന്നിവർ നേതൃത്വം നൽകി. ജില്ലാ ജയിലിലെ 30 തടവുകാരും യോഗത്തിൽ പങ്കെടുത്തു. മുട്ടത്ത് പുതുതായി ആരംഭിച്ച ജില്ലാ ജയിലിൽ നിലവിൽ ലൈബ്രറി സംവിധാനം സജ്ജമാക്കിയിട്ടില്ല. 2012 ൽ പീരുമേട് സബ് ജയിൽ ലൈബ്രറിക്കും എം.ഇ.എസ്. കോളജ് പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.