കുട്ടിക്കാനം: എൽ.ഡി.എഫ് അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തൊട്ടാകെ 1,02,681 പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കുട്ടിക്കാനത്ത് ജില്ലാതല പട്ടയമേളയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20,419 പട്ടയങ്ങൾ ഇടുക്കിയിൽ മാത്രം വിതരണം ചെയ്തു. കഴിഞ്ഞ സർക്കാർ അഞ്ചുവർഷം കൊണ്ട് നൽകിയത് 1,29,672 പട്ടയങ്ങളാണ്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും പട്ടയങ്ങൾ നൽകിയത് റെക്കാഡാണ്. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേർ ഭൂരഹിതരായി ഇനിയുമുണ്ട്. അവർക്ക് കഴിയുന്നത്ര വേഗത്തിൽ ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. ദേവികുളത്തെ കുറ്റിയാർ വാലിയിൽ പട്ടയത്തിനൊപ്പം ഭൂമി പ്ലോട്ട് തിരിച്ച് നൽകും. പ്രകൃതിക്ഷോഭത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട പത്തുചെയിൻ പ്രദേശത്തെ മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ കുട്ടിക്കാനത്ത് നടന്ന പട്ടയമേളയിൽ 6065 പട്ടയങ്ങളും 150ൽ പരം വനാവകാശ രേഖകളും വിതരണം ചെയ്തു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മൂന്നാമത്തെ പട്ടയമേളയാണ് ഇടുക്കിയിൽ നടത്തുന്നത്.