മറയൂർ: പുരാതന സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകളായ മറയൂരിലെ മുനിയറകൾ സംരക്ഷിക്കുന്നതിന് സംരക്ഷണവേലി നിർമ്മാണം ആരംഭിച്ചു. മറയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി മെഗാലിത്തിക് പാർക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായി 4.95 ലക്ഷം രൂപ ചെലവഴിച്ചാണ് വേലികെട്ടുന്നത്. മറയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുകൂടി മുരുകൻ മലയിലേക്ക് സഞ്ചാരികളുടെ അനധികൃത പ്രവേശനം ഇതോടെ നിയന്ത്രിക്കപ്പെടും. രാത്രി സമയങ്ങളിൽ മദ്യപാനികളുടെ വിഹാരരംഗമായി ഈ പ്രദേശം മാറിയിരുന്നു. പല മുനിയറകളും നാശത്തിന്റെ വക്കിലാണ്. സംരക്ഷണ വേലി പൂർത്തിയാകുന്നതോടെ മുരുകൻ മലയിലേക്കുള്ള ഏകപാത പട്ടം കോളനി വഴിയിലൂടെയാകും. ഇതോടെ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും മുനിയറകൾ സംരക്ഷിക്കുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ. മറയൂരിൽ ഏറ്റവും കൂടുതൽ മുനിയറകളുള്ള മേഖലയാണ് മുരുകൻ മല. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചില മുനിയറകൾ പ്രത്യേകം വേലി കെട്ടി സംരക്ഷിച്ചിരുന്നു. 4000 വർഷത്തിലധികം പഴക്കമുള്ളതെന്ന് വിലയിരുത്തപ്പെടുന്ന മുനിയറകളുടെ സംരക്ഷണം പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ്. പശ്ചിമഘട്ട മലനിരകളിൽ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി ആയിരത്തിലധികം മുനിയറകൾ ഉണ്ടായിരുന്നു. ആധുനീകതയുടെ അധിനിവേശത്തിൽ ഇവയിൽ പലതും നശിപ്പിക്കപ്പെട്ടു. ചരിത്രസ്മാരകങ്ങളായി അവശേഷിക്കുന്നവയെങ്കിലും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.