കുട്ടിക്കാനം: ഇന്നലെ ജില്ലയിൽ നടന്ന മൂന്നാമത് പട്ടയമേളയിൽ 6065 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കോടികൾ വിലമതിക്കുന്ന 1167.6527 ഹെക്ടർ ഭൂമിക്കുള്ള ഉപാധിരഹിത കൈവശാവകാശമാണ് ഇതിലൂടെ ജനങ്ങൾക്ക് ലഭിച്ചത്. കട്ടപ്പന എൽ.എ ഓഫീസിൽ നിന്ന് 1030, മുരിക്കാശേരി 842, പീരുമേട് 794, നെടുങ്കണ്ടം 770, രാജകുമാരി 450, ഇടുക്കി 399, കരിമണ്ണൂർ 378, ദേവികുളം 970, തൊടുപുഴ 163, ഇടുക്കി താലൂക്ക് 26, തൊടുപുഴ ലാന്റ് ട്രൈബൂണൽ 243 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതോടെ എൽ.ഡി.എഫ് അധികാരത്തിൽ വന്നശേഷം ജില്ലയിൽ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം 20419 ആയി.
പത്തുചെയിനിലെ ബാക്കിയുള്ളവർക്കും ഈ വർഷം പട്ടയം: മന്ത്രി ഇ. ചന്ദ്രശേഖരൻ
ഇടുക്കി അണക്കെട്ടിനുവേണ്ടി ഏറ്റെടുത്ത പത്തുചെയിനിൽ അവശേഷിക്കുന്ന മൂന്ന് ചെയിൻ പ്രദേശത്തെ കൈവശക്കാർക്കും ഒരു വർഷത്തിനകം പട്ടയം നൽകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജ് ആഡിറ്റോറിയത്തിൽ നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപാധിരഹിത പട്ടയമെന്ന ഇടുക്കിക്കാരുടെ ചിരകാല അഭിലാഷം സഫലമാക്കിയ ഈ സർക്കാർ അർഹരായ എല്ലാവർക്കും പട്ടയം നൽകും. പത്തുചെയിനിൽ ഏഴ് ചെയിൻ വരെയുള്ള കൈവശക്കാർക്ക് ഇതിനോടകം പട്ടയം നൽകി. ഇനി അവശേഷിക്കുന്ന പ്രദേശത്തെയും ദേവികുളം കുറ്റിയാർ വാലിയിലെയും പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് 29 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ ചർച്ചചെയ്യും. പെരിഞ്ചാംകുട്ടിയിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങൾക്കും താമസിയാതെ പരിഹാരമുണ്ടാക്കും. വനാതിർത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ 28500 ഹെക്ടർ സ്ഥലം ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 25,000 ഹെക്ടറും ഇടുക്കിയിലാണ്. പട്ടയം നൽകുന്നതിൽ വനം നിയമങ്ങൾ പ്രതിബന്ധമാകുന്ന കേസുകളിൽ വനംവകുപ്പുമായി കൂടിയാലോചിച്ച് ജനങ്ങൾക്ക് ആശ്വാസം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി അണക്കെട്ട് പ്രദേശത്തെ മൂന്നുചെയിൻ നിവാസികൾക്കും പട്ടയം നൽകുന്നതിന് വൈദ്യുതി ബോർഡിന് തടസമില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി എം.എം. മണി പറഞ്ഞു. ഇതിനുള്ള അനുമതി റവന്യൂവകുപ്പിന് നൽകിക്കഴിഞ്ഞെന്നും നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പട്ടയം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകളക്ടർ കെ. ജീവൻ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിസ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ വാഴൂർ സോമൻ, തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ, കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ എന്നിവർ സംസാരിച്ചു. ഇ.എസ്. ബിജിമോൾ എം.എൽ.എ സ്വാഗതം പറഞ്ഞു.