കുട്ടിക്കാനം: ജില്ലാതല പട്ടയമേളയിൽ നിന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ ഒഴികെയുള്ള യു.ഡി.എഫ് ജനപ്രതിനിധികൾ വിട്ടുനിന്നു. ജില്ലയിലെ മുഴുവൻ നിയമസഭ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളെയും സംഘാടകർ ക്ഷണിച്ചിരുന്നെങ്കിലും എം.എൽ.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രൻ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള പഞ്ചായത്ത് അംഗങ്ങളും യോഗത്തിന് എത്തിയില്ല. ഇടുക്കി പത്തുചെയിൻ പ്രദേശത്തെ മുഴുവൻ കർഷകർക്കും പട്ടയം നൽകുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനത്തെ റോഷി അഗസ്റ്റിൻ സ്വാഗതം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, മുസ്ലീം ലീഗ് നേതാവ് കെ.എം.എ ഷുക്കൂർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് തുടങ്ങിയവരും ചടങ്ങിലെ ക്ഷണിതാക്കളായിരുന്നെങ്കിലും പങ്കെടുത്തില്ല.