മൂലമറ്റം: അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോമി കുന്നേലിനെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസത്തിൽ ഒപ്പിട്ടിരുന്ന അഞ്ച് യു.ഡി.എഫ് അംഗങ്ങളും കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ എ.ഡി. മാത്യുവും മാത്രമാണ് അവിശ്വാസ ചർച്ചയിൽ ഹാജരായത്. ഇടുക്കി ബി.ഡി.ഒ ടി.സി ഗോപാലകൃഷ്ണൻ വാരണാധികാരിയായി അറക്കുളം പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ ചേർന്ന അവിശ്വാസ ചർച്ചയിൽ മറ്റ് അംഗങ്ങൾ വിട്ടുനിന്നു. ബി.ജെ.പി- രണ്ട്, സി.പി.എം- നാല്,​ കർഷക കൂട്ടായ്മ സ്വതന്ത്ര്യൻ- ഒന്ന്,​ സ്വതന്ത്രൻ- ഒന്ന് എന്നിവരാണ് ഹാജരാകാതിരുന്നത്. രാവിലെ 11ന് തുടങ്ങിയ അവിശ്വാസ പ്രമേയ ചർച്ചയിൽ കോറം തികയാതെ വന്നതിനാൽ പ്രമേയം പരാജയപ്പെട്ടതായി ബി.ഡി.ഒ അറിയിച്ചു. പതിനഞ്ചംഗ ഭരണസമിതിയിൽ എട്ട് പേർ അനുകൂലിച്ചാലേ പ്രമേയം പാസാകൂ. കേരളാ കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് കൊടുത്തിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് പറഞ്ഞതല്ലാതെ ആർക്കും വിപ്പ് നൽകിയിരുന്നില്ലെന്ന് കോൺഗ്രസ്, കേരളാ കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. യു.ഡി.എഫിനെ ഇടതുപക്ഷ- ബി.ജെ.പി കൂട്ടുകെട്ടിൽ എത്തിക്കാൻ എം.ജെ. ജേക്കബ് ശ്രമിച്ചതായി അംഗങ്ങൾ കുറ്റപ്പെടുത്തി. യു.ഡി.എഫിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയാണ് ടോം ജോസ് കുന്നേൽ. കോൺഗ്രസിലെ ടോമി വാളികുളം, ശ്രീകല ഗോപി, ഉഷ ഗോപിനാഥ്, കേരള കോൺഗ്രസിലെ നിരോഷാ അനീഷ്, സെനിൽ മാനുവൽ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ അഞ്ചിന് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 15 അംഗ ഭരണസമിതിയിൽ കോൺഗ്രസ് മൂന്ന്, കേരള കോൺഗ്രസ് മൂന്ന്, സ്വതന്ത്രർ രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത്. എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പി.ക്ക് രണ്ടും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വർഷം കേരള കോൺഗ്രസിനും പിന്നീട് കോൺഗ്രസിനുമാണെന്ന് ധാരണയുണ്ടായിയുന്നെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നാവശ്യപ്പെട്ട് നിർദ്ദേശം നൽകിയെങ്കിലും ടോമി കുന്നേൽ ഇതിന് തയ്യാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ, ഇത്തരത്തിലൊരു ധാരണയില്ലെന്നാണ് ടോമി കുന്നേൽ പറയുന്നത്. കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും നേതാക്കൾ നിരവധി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിച്ചില്ല. തുടർന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ അനുവാദത്തോടു കൂടി അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.

എം.ജെ. ജേക്കബിനെതിരെ ആരോപണം

ഭരണമാറ്റം ഉണ്ടാവുമ്പോൾ കേരളാ കോൺഗ്രസിലെ രണ്ടാം വാർഡ് അംഗമായ തനിക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടേണ്ടിട്ടിരുന്നതെന്ന് നിരോഷ അനീഷ് പറഞ്ഞു. എന്നാൽ തനിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം തരാതിരിക്കാൻ വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടോമി കുന്നേലും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബും മനപൂർവ്വം പ്രവർത്തിച്ചതാണ്. അറക്കുളം പഞ്ചായത്തിൽ വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയും സി.പി.എമ്മുമായി കൂട്ടുകെട്ട് തുടരുന്നതാണ് ഇതിനെല്ലാം കാരണം. ഇതിന് ചില ജില്ലാ നേതാക്കളുടെ അനുവാദവും ഉണ്ടെന്ന് നിരോഷ പറഞ്ഞു.