നെടുങ്കണ്ടം: അസാമിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ റോബിന്റെ ഭൗതിക ശരീരം നാളെ രാവിലെ 9.30ന് ചേമ്പളം സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കും. ഇന്ന് രാത്രിയോടെ നെടുമ്പാശേരി എയർപോർട്ടിൽ എത്തുന്ന മൃതദേഹം നാളെ പുലർച്ചെ വീട്ടിൽ എത്തിയ്ക്കും. 8.30ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ചേമ്പളം പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരവുമായി ബന്ധപ്പെട്ട് നാളെ ചേമ്പളത്ത് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. അന്തിമോപചാരം അർപ്പിയ്ക്കാൻ കട്ടപ്പന ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ ചേമ്പളം ജംഗ്ഷന് മുകളിലായി റോഡിന്റെ വലത് ഭാഗത്തും നെടുങ്കണ്ടം ഭാഗത്ത് നിന്നുള്ളവ തട്ടാരടിപ്പടിയ്ക്ക് മുമ്പും ഇരട്ടയാർ ഭാഗത്ത് നിന്നെത്തുന്നവ പാറമടയ്ക്ക് മുമ്പും പാർക്ക് ചെയ്യണം. പൊതുദർശനം ഒരുക്കിയിരിക്കുന്ന ചേമ്പളം സെന്റ് ജോസഫ് ദേവാലയത്തിലേയ്ക്കുള്ള റോഡിൽ ഗതാഗതം അനുവദിക്കില്ല.